
ഫോർട്ടുകൊച്ചി: ചരിത്ര പ്രാധാന്യമുള്ള ഫോർട്ട്കൊച്ചി കൽവത്തി ചുങ്കം പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ ഫെബ്രുവരിയിൽ പൂർത്തിയാകും. കൗൺസിലറും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ടി.കെ. അഷറഫിന്റെ ഇടപെടലിനെ തുടർന്ന് പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു.
പാലം പണി പൂർത്തിയാകുന്നതോടൊപ്പം അനുബന്ധ റോഡുകളുടെ നവീകരണവും പൂർത്തിയാക്കി ഫെബ്രുവരി ഒന്നിന് ജനങ്ങൾക്ക് തുറന്നുനൽകാനാകുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഫോർട്ട്കൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിയുടെ നവീകരണ ജോലികളും ആരംഭിക്കും.
ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്തെ കൂട്ടിച്ചേർക്കുന്ന കൽവത്തി കനാലിന് കുറുകെയുള്ളതാണ് ചുങ്കം പാലം. ബ്രിട്ടീഷ് ഭരണകാലത്ത് പാലത്തിലൂടെ പോകണമെങ്കിൽ ചുങ്കം നൽകണമായിരുന്നു. അതിനാലാണിത് ചുങ്കം പാലമെന്നറിയപ്പെട്ടത്.