
കൊച്ചി: പാശ്ചാത്യരാജ്യങ്ങളിലെ ഡോക്ടർമാർ സ്റ്റെതസ്കോപ്പ് ഉപയോഗം പൂർണമായും അവസാനിപ്പിച്ചു. ഇവിടെയും ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ സ്റ്റെതസ്കോപ്പിനെ എഴുതിത്തള്ളാനുള്ള സമയമായിട്ടില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് കൃത്യതയുള്ള ഹൃദയസ്പന്ദനം ശ്രവിക്കുന്നതിലൂടെ ഹൃദയത്തിലെ തകരാറുകൾ വേർതിരിച്ചറിയാൻ കഴിയുമെന്ന് കൊച്ചിയിലെ അമൃത ആശുപത്രി നടത്തിയ പഠനത്തിൽ കണ്ടെത്തി. ജന്മനാലുള്ള ഹൃദയ വൈകല്യങ്ങൾ സംശയിക്കുന്ന 545 കുട്ടികളിലായിരുന്നു പഠനം. സ്റ്റെതസ്കോപ്പ് ഉപയോഗിച്ചുള്ള പരിശോധനയെയും എക്കോകാർഡിയോഗ്രാഫിയെയും താരതമ്യം ചെയ്തായിരുന്നു പഠനം.
രോഗനിർണയത്തിലെ കൃത്യത
കൃത്യമായ രോഗനിർണയത്തിന് ഡോക്ടർമാർ പരമ്പരാഗതമായി ആശ്രയിച്ചിരുന്നത് രോഗിയുടെ ചരിത്രമറിയലും ശാരീരികപരിശോധനയുമാണ്. ആധുനിക ചികിത്സാസംവിധാനങ്ങളുടെ വരവോടെ ഹൃദ്രോഗികളിൽ ശാരീരിക പരിശോധനയുടെ പ്രാധാന്യം കുറഞ്ഞു. തീരെ ചെറിയ കാര്യങ്ങൾക്കു വരെ ഇലക്ട്രോണിക് സംവിധാനങ്ങളെ ആശ്രയിച്ചു. ഇതു ശരിയായ രീതിയില്ലെന്നാണ് 25 വർഷത്തെ ചികിത്സ പരിചയത്തിൽ നിന്നുള്ള അഭിപ്രായം. അതുകൊണ്ടാണ് സ്റ്റെതസ്കോപ്പ് പരിശോധനയുടെ കൃത്യത നിരീക്ഷിക്കാൻ തീരുമാനിച്ചത്.
ഡോ. ആർ.കൃഷ്ണകുമാർ
പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി,
അമൃത ഹോസ്‌പിറ്റൽ, കൊച്ചി
സ്റ്റെതസ്കോപ്പ് പരിശോധന കൊണ്ടുള്ള ഗുണങ്ങൾ
കുട്ടികളിലുണ്ടാവുന്ന ഹൃദ്രോഗങ്ങൾ കൃത്യമായി തിരിച്ചറിയാം
സാധാരണ ഹൃദയങ്ങളെയും അസാധാരണമായ പ്രവർത്തനമുള്ളവയെയും 95 ശതമാനത്തിനു മുകളിൽ കൃത്യതയോടെ വേർതിരിക്കാം.
അനാവശ്യ ചികിത്സാ ചെലവ് ഒഴിവാക്കാം
കുഞ്ഞുങ്ങളുടെ രോഗാവസ്ഥയെ ചൊല്ലിയുള്ള അമിതഭയത്തിൽ നിന്ന് രക്ഷിതാക്കൾക്ക് ആശ്വാസം