കൊച്ചി: എറണാകുളം സൗത്ത്,​ നോർത്ത് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടും അനുബന്ധ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കാതെ അധികൃതർ. ഒന്നര വർഷത്തിനുള്ളിൽ നവീകരണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ പ്രദേശത്തെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ നിശ്ചലാവസ്ഥയിലാണ്. സൗത്ത് സ്റ്റേഷൻ പരിസരത്തെയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെയും വെള്ളക്കെട്ടിനു ശാശ്വത പരിഹാരമായ മുല്ലശേരി കനാൽ നവീകരണവും കമ്മട്ടിപ്പാടം വെള്ളക്കെട്ട് നിവാരണ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. ചിറ്റൂർ റോഡിൽ നിന്ന് സൗത്ത് സ്റ്റേഷനിലേക്കുള്ള പാത ശോചനീയാവസ്ഥയിലാണ്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ സ്റ്റേഷൻ നവീകരണം കഴിഞ്ഞാലും അനുബന്ധ പദ്ധതികൾ പൂർത്തീകരിക്കുന്ന മട്ടില്ല.

ചർച്ചയിലൊതുങ്ങി നോർത്ത്- സൗത്ത് കോറിഡോർ

സൗത്ത്, നോർത്ത് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റെയിൽവേ ഇടനാഴിയെ കുറിച്ച് പറഞ്ഞുതുടങ്ങിയിട്ട് വർഷം മൂന്നു കഴിഞ്ഞു. ഇരു സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ റോഡാണ് നോർത്ത്–സൗത്ത് ഇടനാഴി. കോർപ്പറേഷന്റെ നേതൃത്വത്തിൽ റെയിൽപാളത്തിന് ഇരുവശത്തും വീതിയുള്ള റോഡ് നിർമ്മിക്കുകയാണ് ലക്ഷ്യം.പദ്ധതിക്ക് കൗൺസിലിന്റെ അംഗീകാരവും ലഭിച്ചു. റെയിൽവേ ഇടനാഴി യാഥാർത്ഥ്യമായാൽ പ്രദേശത്തിന്റെ മുഖച്ഛായ മാറും. എം.ജി.റോഡ്, ചിറ്റൂർ റോഡ് എന്നിവിടങ്ങളിലെ തിരക്ക് കുറയും. സൗത്ത് സ്റ്റേഷനിൽ നിന്ന് നോർത്തിലേക്ക് വേഗത്തിലെത്താം.

കേന്ദ്ര സർക്കാരിന്റെ മൊബലൈസ് യുവർ സിറ്റി പദ്ധതിയുടെ ഭാഗമായി എ.എഫ്.ഡിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇടനാഴി നടപ്പാക്കുന്നത്. 2.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ റെയിൽവേയുടെ 1.2 കിലോമീറ്റർ സ്ഥലവും കോർപ്പറേഷന്റെ 1.1 കിലോമീറ്റർ സ്ഥലവുമുണ്ട്. വെറും 20 മീറ്റർ മാത്രമേ സ്വകാര്യവ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടതുള്ളൂ. ഇതിൽ 80 ശതമാനം സ്ഥലത്തിന് അഞ്ച് മുതൽ എട്ട് മീറ്റർ വരെ വീതിയുണ്ട്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സിവരെ നിലവിൽ ടൈൽ പാകിയ റോഡാണുള്ളത്. പദ്ധതിക്കായി സ്ഥലം നൽകാൻ റെയിൽവേ നേരത്തെ സമ്മതം അറിയിച്ചിരുന്നു.

ശാപമോക്ഷം കിട്ടാതെ മുല്ലശേരി കനാൽ

സ്വീവേജ് പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട പണമിടപാടിൽ തട്ടി മുല്ലശേരി കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ നാലു മാസമായി നിലച്ചിരിക്കുകയാണ്. കനാൽ നവീകരണത്തിനുള്ള പൈപ്പ് മാറ്റുന്നതിന് ടെൻഡർ ക്ഷണിച്ചെങ്കിലും ഒരാൾ മാത്രമാണ് ടെൻഡർ നൽകിയതെന്നും 7.3 കോടി രൂപയാണ് ക്വാട്ട് ചെയ്തിരിക്കുന്നതെന്നും വാട്ടർ അതോറിറ്റി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു. സർക്കാരും കോർപ്പറേഷനും കൂടി 5.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുകയ്ക്കായി സർക്കാരിനെ സമീപിക്കുമെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു.

മോടിപിടിപ്പിക്കാതെ നടപ്പാത

ചിറ്റൂർ റോഡിൽ നിന്ന് സൗത്ത് സ്റ്റേഷൻ മെയിൻ കവാടത്തിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിലാണ്. മഴക്കാലത്ത് ആളുകൾ തെന്നിവീണ് അപകടം സംഭവിക്കാറുണ്ട്.