കൂത്താട്ടുകുളം: നിരവധി കായിക താരങ്ങൾക്ക് ജന്മം നൽകിയ കൂത്താട്ടുകുളത്തിന്റെ മണ്ണിൽ പൊതുകളിക്കളം ഇല്ല. കൂത്താട്ടുകുളത്തെ കായിക പ്രേമികളുടെ ദീർഘകാല സ്വപ്നമാണ് നഗരസഭാ സ്റ്റേഡിയം. ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ് സ്റ്റേഡിയം നിർമ്മാണം. ഇപ്പോൾ കന്നുകാലികളുടേയും തെരുവുനായ്ക്കൂട്ടങ്ങളുടേയും വിശ്രമകേന്ദ്രമായി മാറി പണിതീരാത്ത ഈ സ്റ്റേഡിയം.
2016ൽ പിറവം എം.എൽ.എ അനൂപ് ജേക്കബിന്റെ ശ്രമഫലമായാണ് എം.വി.ഐ.പിയുടെ വക ഒരേക്കർ 80 സെന്റ് സ്ഥലം ഏറ്റെടുത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം തുടങ്ങിയത്.
മണ്ണ് നീക്കം ചെയ്യുക, എർത്ത് വർക്കുകൾ പൂർത്തീകരിക്കുക എന്നിവയായിരുന്നു ആദ്യഘട്ടം. 2018 ആയപ്പോഴേക്കും എം.എൽ.എ ഫണ്ട് തന്നെ വിനിയോഗിച്ച് ഗ്യാലറി, ഡ്രസിംഗ് റൂം, ഓട എന്നിവ നിർമ്മിച്ചു. പ്രധാന പണികൾ ഇനിയും ബാക്കിയാണ്. ഫണ്ടും ആവശ്യമാണ്. ഇതിനായി പദ്ധതി സമർപ്പിക്കാൻ എം.എൽ.എ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്റ്റേഡിയം പൂർത്തീകരിക്കാൻ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി എം.എൽ.എയ്ക്ക് നൽകാനുള്ള തീരുമാനം അടുത്ത കൗൺസിൽ യോഗത്തിലെടുക്കും.
വിജയ ശിവൻ, ചെയർപേഴ്സൺ
കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ
നഗരസഭ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കൈമാറുന്ന മുറയ്ക്ക് സ്റ്റേഡിയത്തിന് സർക്കാർ ഫണ്ട് ലഭ്യമാക്കും. സാധ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ എം.എൽ.എ ഫണ്ട് വിനിയോഗിക്കും.
അനൂപ് ജേക്കബ് എം.എൽ.എ