
തൃശൂർ: മനുഷ്യ മനസുകളിലേക്ക് നടന്നടുത്ത അഡ്വ. സി.കെ. മേനോന്റെ ഭാഷ ഹൃദയത്തിന്റേതായിരുന്നെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. രാജ്യം പത്മശ്രീ നൽകി ആദരിച്ച, നോർക്ക- റൂട്ട്സ് മുൻ വൈസ് ചെയർമാനും പ്രമുഖ ബിസിനസുകാരനുമായിരുന്ന സി.കെ. മേനോന്റെ മൂന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് മേനോൻ അനുസ്മരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിസിനസിൽ വ്യാപൃതരായ ഒരുപാടു പേരുണ്ടെങ്കിലും കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗത്ത് ഒരു പണത്തൂക്കം മുന്നിലായിരുന്നു സി.കെ. മേനോന്റെ സ്ഥാനം. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുമ്പോഴും എളിമയുടെ തെളിമയിൽ നിലയുറപ്പിച്ച വേറൊരാളെ കാണാൻ കഴിയില്ല. ജീവിതയാത്രയിൽ വിജയിക്കാനാഗ്രഹിക്കുന്ന പുതിയ തലമുറ മാതൃകയാക്കേണ്ടതാണ് അദ്ദേഹത്തിന്റെ ജീവിതം. നന്മയുടെ വിളനിലമായിരുന്ന സി.കെ. മേനോൻ എല്ലാവരെയും ഉൾക്കൊള്ളാനാണ് പഠിപ്പിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ദാനശീലത്തിന്റെ അടയാളവാക്യമായിരുന്നു സി.കെ. മേനോനെന്ന് മന്ത്രി ആർ.ബിന്ദുവും സ്വന്തം ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ളയാളായിരുന്നു മേനോനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുസ്മരിച്ചു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഹരിത വി. കുമാർ, യു.ഡി.എഫ് കൺവീനറും അനുസ്മരണ സമിതി പ്രസിഡന്റുമായ എം.എം. ഹസൻ, എ.ബി.എൻ കോർപ്പറേഷൻ എം.ഡിയും നോർക്ക റൂട്ട്‌സ് ഡയറക്ടറും സി.കെ. മേനോന്റെ മകനുമായ ജെ.കെ. മേനോൻ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ എം.കെ. ഹരിദാസ് സ്വാഗതവും കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ നന്ദിയും പറഞ്ഞു.
സി.കെ. മേനോൻ മെമ്മോറിയൽ
ട്രസ്റ്റ് രൂപീകരിക്കും: ജെ.കെ.മേനോൻ
പിതാവ് അഡ്വ. സി.കെ. മേനോൻ തുടങ്ങിവച്ച സത്കർമ്മങ്ങൾ തുടരാനായി അമ്മ ജയശ്രീ മേനോന്റെ നിർദ്ദേശാനുസരണം സി.കെ. മേനോൻ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിക്കുമെന്ന് മകൻ ജെ.കെ. മേനോൻ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ സഹായങ്ങൾക്കൊപ്പം സാമൂഹിക മേഖലയിലും ധനസഹായം നൽകുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ബിസിനസ് ചെയ്ത് പണം സമ്പാദിക്കുകയെന്നതിലുപരി കൈയിലുള്ള ധനം കൊണ്ട് ആവശ്യക്കാരനെ സഹായിക്കുന്നതിലായിരുന്നു സി.കെ. മേനോൻ സന്തോഷം കണ്ടെത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്ഷൻ: അഡ്വ. സി.കെ. മേനോന്റെ മൂന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് അനുസ്മരണസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.