tank
ഇടിഞ്ഞുവീഴാറായ വാട്ടർ ടാങ്ക് ഫയൽ ചിത്രം

കിഴക്കമ്പലം: കുന്നത്തുനാട്ടിലെ പൊലീസുകാരുടെ തലയ്ക്കുമുകളിൽ ഭീതിപടർത്തി ഏതുനിമിഷവും നിലംപൊത്തുന്ന നിലയിൽനിൽക്കുന്ന വാട്ടർടാങ്ക് ഒടുവിൽ പൊളിച്ചുമാറ്റുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഇടപെട്ട് പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയറോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ടാങ്ക് പൊളിച്ചുമാറ്റി സമീപത്തെ ഇടിഞ്ഞുപോയമതിലും നിലവിലുള്ള കിണറിന്റെ ചു​റ്റുമതിലടക്കം പുതുക്കിപ്പണിയുന്നതിനും നടപടി വേണമെന്ന് എം.എൽ.എ നിർദ്ദേശിച്ചിരുന്നു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ടാങ്ക് പൊളിക്കൽ ഇന്നലെമുതൽ തുടങ്ങി.

കാലപ്പഴക്കം വന്ന് പൊട്ടിവീഴാറായ വാട്ടർടാങ്കിനു കീഴെയുള്ള ഓഫീസിലാണ് പൊലീസ് സ്​റ്റേഷനുള്ളത്. ജീവൻ പണയംവച്ചായിരുന്നു പൊലീസുകാർ ദിവസവും ജോലിക്കെത്തിയിരുന്നത്. കാലപ്പഴക്കംകൊണ്ട് ഉപയോഗശൂന്യമായി കോൺക്രീ​റ്റുപാളികൾ അടർന്ന്, കമ്പികൾ തുരുമ്പിച്ച് ഏതുനിമിഷവും നിലം പൊത്താറായ സ്ഥിതിയിലായിരുന്നു വാട്ടർടാങ്ക്. സ്‌​റ്റേഷൻ വളപ്പിൽ പ്രധാന ഓഫീസുകളോട് ചേർന്നായിരുന്നു ടാങ്കിന്റെ നില്പ്.

*നാലുപതിറ്റാണ്ട് പഴക്കം

1982ൽ പൊലീസ് സ്​റ്റേഷൻ നിർമ്മിച്ച കാലത്തുണ്ടാക്കിയതാണ് ടാങ്ക്. നാലുപതി​റ്റാണ്ട് പിന്നിടുമ്പോൾ ജീർണാവസ്ഥയിലായ വാട്ടർടാങ്ക് ജീവനുഭീഷണിയാണെന്ന് ഉയർന്ന ഉദ്യോഗസ്ഥരെ നിരവധിതവണ അറിയിച്ചെങ്കിലും പൊളിച്ചുമാ​റ്റുന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. എം.എൽ.എയുടെ ഇടപെടലിൽ ടാങ്ക് പൊളിക്കുന്നതോടെ പൊലീസുകാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് കളമൊരുങ്ങി.

സ്​റ്റേഷൻ നിർമ്മിച്ച കാലത്ത് പൊലീസ് സ്​റ്റേഷൻ വളപ്പിൽ പൊലീസ് ക്വാർട്ടേഴ്‌സുമുണ്ടായിരുന്നു. 14വർഷംമുമ്പ് കാലപ്പഴക്കത്താൽ കോൺക്രീ​റ്റുകൾ അടർന്ന് മഴവെള്ള ചോർച്ചയുമായതോടെ ക്വാർട്ടേഴ്‌സുകൾ പൊളിഞ്ഞുവീഴുന്ന സ്ഥിതിയിലെത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുമാ​റ്റി. അന്ന് ടാങ്കിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പൊളിക്കാൻ നടപടിയുണ്ടായില്ല. അതിനുശേഷം ഒരു പതി​റ്റാണ്ട് കൂടി ഉപയോഗശൂന്യമായി ടാങ്കിന്റെ നിൽപ്പ് തുടർന്നു. അന്നുമുതൽ ചോർച്ചയുള്ളതിനാൽ മ​റ്റൊരു പ്ലാസ്​റ്റിക് ടാങ്ക് വാങ്ങി സ്‌റ്റേഷനിലെ കുടിവെള്ളവിതരണം സുഗമമാക്കിയിരുന്നു.

സ്​റ്റേഷനു സമീപം മൾട്ടിപ്‌ളക്‌സ് തിയേ​റ്ററുണ്ട്. തിയേ​റ്ററിലേയ്‌ക്കെത്തുന്ന വഴിയുടെ സമീപമാണ് ടാങ്ക്. ഇതും അപകടഭീഷണി വർദ്ധിപ്പിച്ചിരുന്നു. ടാങ്ക് പൊളിക്കുന്നതോടെ ഇതുവഴി യാത്രയും സുരക്ഷിതമാകും.