
കൊച്ചി: 105 വയസുള്ള നെന്മനശേരി ഇല്ലത്ത് പരമേശ്വരൻ മൂത്തതിന്റെ വിയോഗത്തിലൂടെ എറണാകുളം നഗരത്തെ ഒരു നൂറ്റാണ്ട് തൊട്ടറിഞ്ഞ കാരണവരുടെ സാന്നിദ്ധ്യമാണ് ഇല്ലാതായത്. മുണ്ടുടുത്ത് തോളിൽ തോർത്തുമിട്ട് ഒരു വടിയുമായി രാവിലെ തന്നെ ശിവക്ഷേത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മൂത്തതിനെ കുഞ്ഞുങ്ങൾക്ക് വരെ അറിയാം. ഈ പ്രായത്തിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വയോധികൻ ആരോഗ്യജീവിതത്തിന് സാക്ഷ്യമായിരുന്നു. കൃത്യമായ ജീവിതചര്യകളും ലളിതമായ ഭക്ഷണക്രമവും തന്നെയാണ് അദ്ദേഹം ദീർഘകാലം ജീവിച്ചതിന് പിന്നിലെ രഹസ്യം.
ദിവസവും പുലർച്ചെ ശിവക്ഷേത്ര ദർശനം മുടക്കാറില്ല. തനിയെ പോയിവരും. ഒരു വടി മാത്രമാണ് കൈയിലുണ്ടാവുക. ഷർട്ട് ഇടുന്ന പതിവില്ല. എല്ലാ തിരഞ്ഞെടുപ്പിനും വോട്ടു ചെയ്യാൻ ഒറ്റയ്ക്ക് പോകും. തിരഞ്ഞെടുപ്പ് കാലത്ത് ഫോട്ടോഗ്രാഫർമാരുടെയും ചാനൽ കാമറമാന്മാരുടെയും പ്രിയപ്പെട്ടയാളായിരുന്നു മൂത്തത്. മൂത്തത് വീട്ടിൽ നിന്ന് ഇറങ്ങുന്നതും കാത്ത് കാമറമാന്മാർ ഈ ദിനങ്ങളിൽ കാത്തുനിന്നിരുന്നു.
അൽപ്പം കേൾവിക്കുറവൊഴിച്ചാൽ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മരുന്നും കഴിക്കുന്ന പതിവില്ല. രണ്ടാഴ്ചമുമ്പ് ശിവക്ഷേത്രത്തിൽ വച്ച് തല മേൽക്കൂരയിൽ മുട്ടി മുറിവുണ്ടായി. തുന്നിക്കെട്ട് ഉള്ളതിനാൽ ക്ഷേത്രത്തിൽ പോയിരുന്നില്ല. ഇന്നലെ രാവിലെ എല്ലാവരോടും സംസാരിച്ചിരിക്കെ പെട്ടെന്നായിരുന്നു മരണം. ഹരിദാസിന്റെ പേരക്കുട്ടികളുടെയും ക്ഷേത്രത്തിൽ എത്തുന്നവരുടെയും ഇഷ്ട മുത്തച്ഛനായിരുന്നു മൂത്തത്.
ഗാന്ധിജിയുടെ കൊച്ചി സന്ദർശന സമയത്ത് അദ്ദേഹത്തെ കാണാൻ പോയതും കരങ്ങൾ പിടിച്ചതും കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ മൂത്തതിന്റെ ഓർമ്മക്കുറിപ്പുകളായി കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൗൺസിലർ പദ്മജ എസ്. മേനോൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.