pally
പരിശുദ്ധ എൽദോമാർ ബസോലിയോസ് ബാവായുടെ കബറിടം

കോതമംഗലം: മാർതോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥാടകർ ഇന്ന് വൈകിട്ട് നാലിന് എത്തിച്ചേരും. ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖലയിൽനിന്ന് വരുന്നവർക്ക് മൂവാറ്റുപുഴ കവലയിലും പോത്താനിക്കാട് മേഖലയിൽനിന്ന് വരുന്നവർക്ക് ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകും. ഡീൻ കുര്യാക്കോസ് എം.പി, ആന്റണി ജോൺ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, മതമൈത്രി സംരക്ഷണസമിതി ചെയർമാൻ എ.ജി ജോർജ്, കൺവീനർ കെ.എ. നൗഷാദ് എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 6ന് ശ്രേഷ്ഠബാവാ തിരുമേനിക്കും മെത്രാപ്പൊലീത്തമാർക്കും സ്വീകരണം നൽകും. വൈകിട്ട് 7ന് ശ്രേഷ്ഠ കാതോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയുമായ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ്‌ മോർ ഗ്രീഗോറിയോസ്, അങ്കമാലി ഭദ്രാസനസഹായ മെത്രാപ്പൊലീത്ത എബ്രാഹാം മോർ സേവേറിയോസ്, വിവിധ മേഖലാധിപൻമാരായ ഏലിയാസ് മോർ യൂലിയോസ്, മാത്യൂസ് മോർ അപ്രേം, മാത്യൂസ് മോർ അന്തീമോസ്, ഏലിയാസ് മോർ അത്താനാസിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, മലങ്കര കാര്യ സെക്രട്ടറി മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നീ മെത്രാപ്പൊലീത്തമാരുടെ സഹകാർമ്മികത്വത്തിൽ സന്ധ്യാനമസ്കാരം. തുടർന്ന് പെരുന്നാൾ സന്ദേശം. രാത്രി പത്തിന് ചരിത്ര പ്രസിദ്ധമായ ടൗൺചുറ്റി പ്രദക്ഷിണം. തുടർന്ന് ആശീർവാദം കരിമരുന്ന് പ്രയോഗം.