 
മൂവാറ്റുപുഴ: കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ കക്കടാശേരി മുതൽ മറ്റക്കുഴി വരെയുള്ള ഭാഗത്തെ നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ദേശീയപാത അതോറിറ്റിയാണ് തുക അനുവദിച്ചത്. കഴിഞ്ഞ കുറേ നാളുകളായി തകർന്നുകിടന്ന ഭാഗമാണിത്. പദ്ധതിയുടെ ടെൻഡർ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുവാൻ എം.എൽ.എ നിർദ്ദേശം നൽകി.
ദേശീയപാത ആയതിനാൽ ദിവസേന അയ്യായിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. നൂറോളം വലിയ ഗർത്തങ്ങൾ ഉള്ളതിനാൽ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും പതിവാണ്. രാത്രി കാലങ്ങളിൽ അപകടങ്ങളും പതിവായിരുന്നു. മഴക്കാലത്തിനുശേഷം റോഡ് പൂർണമായും തകർന്ന നിലയിലാണ്.
റോഡ് നവീകരണത്തിന്റെ ആവശ്യം എം.എൽ.എ ഉന്നയിച്ചപ്പോൾ നിലവിൽ മൂന്നാർ ദേശീയപാത പുനർനിർമ്മാണത്തിന് തുക അനുവദിച്ചതിനാൽ ഇവിടേക്ക് വക മാറ്റി ചെലവഴിക്കാൻ സാധിക്കില്ലെന്ന മറുപടിയാണ് ദേശീയപാത അധികൃതർ നൽകിയത്. തുടർന്ന് ദേശീയപാത അതോറിറ്റിയുടേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം എം.എൽ.എ വിളിച്ചുചേർക്കുകയും റോഡിന്റെ സാഹചര്യം വകുപ്പുകളെ ബോദ്ധ്യപ്പെടുത്തുകയുമായിരുന്നു.
ReplyForward