കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ നീറാംമുകൾ മേപ്പാടത്ത് പെരിയാർ വാലി കനാലിന് കുറുകെയുള്ള ചെള്ളേത്താഴം പാലം പൊളിച്ചുപണിയാൻ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ സംഘടിപ്പിച്ച കുന്നത്തുനാട് മണ്ഡലംതല ജനസഭയിൽ തീരുമാനമായി. ഇതിനായി 15 ലക്ഷംരൂപയും അനുവദിച്ചു. നാല്പത് വർഷമായി ഇതുസംബന്ധിച്ച് പരാതിപറഞ്ഞ് മടുത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ.
നീറാംമുഗൾ സ്കൂളിലെ കുട്ടികളടക്കം ഉപയോഗിച്ചിരുന്ന പാലമാണിത്. പള്ളിയിലേയക്ക് പോകുന്നതും ഇതുവഴിയാണ്. പാലത്തിന്റെ കോൺക്രീറ്റ് തകർന്ന് കമ്പി പുറത്തുകാണുന്ന സ്ഥിതിയിലാണ് നില്പ്. ഏതുനിമിഷവും അപകടം സംഭവിക്കാം.
* നിമിഷനേരം കൊണ്ട് തീരുമാനം
ഇതുസംബന്ധിച്ച പരാതിയാണ് തിരുവാണിയൂർ പഞ്ചായത്തിലെ സെന്റ് ഫിലോമിനാസ് സ്കൂളിൽ നടന്ന ജനസഭയിൽ നിമിഷനേരംകൊണ്ട് തീരുമാനത്തിലായത്. കളക്ടർ ആർ. രേണുരാജ് ജനസഭയുടെ മണ്ഡലതല ഉദ്ഘാടനം നടത്തി. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി. റെജി ഇല്ലിക്കപ്പറമ്പിൽ, കെ.എ. ജോസ്, കെ. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
* ഭൂരിഭാഗം പരാതികളിലും തീർപ്പ്
150 ലധികം പരാതികളായിരുന്നു സഭ മുമ്പാകെ എത്തിയത്. തുച്ഛമായ പരാതികൾ തുടർ നടപടികൾക്കായി മാറ്റിയതൊഴിച്ചാൽ മുഴുവൻ പരാതികൾക്കും തീർപ്പായി. ചേനാടിക്കുളം നവീകരണത്തിന് 10 ലക്ഷം, മീമ്പാറ മുതൽ തിരുവാണിയൂർ വരെയുള്ള വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണികൾക്ക് 30 ലക്ഷം, പാടശേഖരങ്ങളിൽ പാർശ്വഭിത്തി നിർമ്മിക്കാൻ 30 ലക്ഷം അനുവദിച്ചു. പഞ്ചായത്തിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിനുള്ള ബൃഹത്പദ്ധതികളടക്കം പൂർത്തിയാക്കാനും തീരുമാനമായി. പൊതുമരാമത്ത്, പഞ്ചായത്ത്, വാട്ടർ അതോറിറ്റി, വിദ്യാഭ്യാസം, പൊലീസ്, റെവന്യു, സിവിൽ സപ്ളൈസ്, ആരോഗ്യം, ജലസേചനം, ലൈഫ്‌മിഷൻ, മലിനീകരണം, വ്യവസായം, ക്ഷീരവികസനവകുപ്പുകൾ പങ്കെടുത്തു. മറ്റു പഞ്ചായത്തുകളിലും വൈകാതെ ജനസഭ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു.