പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണനെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസം പാസായി. 20 അംഗങ്ങളുള്ള ഭരണസമിതിയിൽ 9ന് എതിരെ 11 വോട്ടുകൾക്ക് പ്രമേയം പാസായത്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള യു.ഡി.എഫ് ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾക്ക് പ്രസിഡന്റ് തടസംനിൽക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസപ്രമേയം പാസായതിനെത്തുടർന്ന് യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.
ഷമീർ തുകലിൽ, കെ.കെ. ഷാജഹാൻ, ആക്ടിംഗ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.എം. അബ്ദുൽ അസീസ്, സുബൈറുദ്ദീൻ ചെന്താര, വിനിത ഷിജു, ബ്ലോക്ക് മെമ്പർ സാജിത നൗഷാദ്, അംഗങ്ങളായ തമ്പി കുര്യാക്കോസ്, ഫൈസൽ മനയിലാൻ, അഷറഫ് ചീരകാട്ടിൽ, സുധീർ മുച്ചത്ത്, സുഹറ കൊച്ചുണ്ണി, നൗഫി കരിം, നുസ്രത്ത് ഹാരിസ് എന്നിവർ നേതൃത്വം നൽകി.