കളമശേരി : ഏലൂർ നഗരസഭയിൽ പാതാളം, മഞ്ഞുമ്മൽ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആരംഭിക്കുന്നതിന് ഹെൽത്ത് ഗ്രാന്റ് അനുവദിച്ചു. പാതാളം, മഞ്ഞുമ്മൽ എന്നിവിടങ്ങളിൽ വെൽനസ് സെന്റർ ആരംഭിക്കുന്നതിനാണ് നഗരസഭാ ചെയർമാൻ എ.ഡി.സുജിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചത്.
ആരോഗ്യ വർദ്ധക സേവനങ്ങൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, രോഗം പ്രാരംഭ ഘട്ടത്തിൽത്തന്നെ കണ്ടുപിടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പ്രാഥമിക രോഗ ചികിത്സാ സൗകര്യങ്ങൾ, ദീർഘകാല രോഗങ്ങൾ ഉള്ളവർക്ക് മാനസിക, സാമൂഹ്യ പിന്തുണ നൽകി പുനരധിവസിപ്പിക്കുന്നതിനുളള ഇടപെടലുകൾ, വീടുകളിലെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ എന്നീ സേവനങളാണ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ വഴി നൽകുക. സെന്ററുകളിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, മൾട്ടി പർപ്പസ് വർക്കർ എന്നിവരുടെ സേവനം ലഭ്യമാക്കും.