പറവൂർ: പറവൂർ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ ജനപ്രതിനിധികൾ പറവൂർ ജലഅതോറിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി എന്നിവർ സംസാരിച്ചു.
കുടിവെള്ളം ലഭിക്കാതെ ആഴ്ചകളോളം ജനങ്ങൾ നട്ടംതിരിഞ്ഞിട്ടും എം.എൽ.എ തിരിഞ്ഞുനോക്കാൻ തയ്യാറായില്ലെന്നും പരിഹാരം കാണുന്നതിന് മുൻകൈ എടുക്കുന്നില്ലെന്നും ജനപ്രതിനിധികൾ ആരോപിച്ചു.