
കാലടി: എഴുപത്തെട്ടാം വയസിലും പ്രായത്തെ മറന്ന് സുകുമാരൻ ഓടുകയാണ്. ഇക്കുറി സംസ്ഥാന സർക്കാരിന്റെ കായികമേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള സംസ്ഥാന വയോസേവന പുരസ്കാരം സുകുമാരനെ തേടിയെത്തി.
വൈകിയെത്തിയ ഈ അംഗീകാരത്തിൽ തികഞ്ഞ സന്തോഷവാനാണ് താനെന്ന് സുകുമാരൻ പറഞ്ഞു. ആറുപതിറ്റാണ്ടായി കായികരംഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് കാഞ്ഞൂർ സ്വദേശിയായ പി. ഇ. സുകുമാരൻ. ഫുട്ബാൾ കോച്ചായും അത്റ്റിലക് പരിശീലകനായും നാട്ടിലെ നിറസാന്നിദ്ധ്യവുമാണ്.
*സ്വർണവേട്ടയിൽ നാടിന് അഭിമാനം
1964ൽ ദേശീയ സർകലാശാല അത്‌ലറ്റിക് മീറ്റിൽ സ്വർണം. 2009 -2022നുമിടയിൽ നടന്ന അന്തർദേശീയ മത്സരങ്ങളിൽ ഒൻപത് സ്വർണമെഡൽ. ദേശീയ മത്സരങ്ങളിലും 43 സംസ്ഥാന മത്സരങ്ങളിലും 39 സ്വർണം. 2014ൽ ഇൻഡോനേഷ്യയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 70 വയസ്സ് കഴിഞ്ഞവരുടെ 100 മീറ്റർ വിഭാഗത്തിൽ റെക്കാർഡോടെ നാടിന് അഭിമാനമായി.
* വിരമിക്കാത്ത പരിശീലകൻ
1968 മുതൽ 1976വരെ കാഞ്ഞൂർ സെന്റ്സെബാസ്റ്റ്യൻസ് സ്കൂൾ, ശ്രീമൂലനഗരം അകവൂർ ഹൈസ്കൂൾ, കാലടി ബ്രഹ്മാനാന്ദോദയം ഹൈസ്കൂൾ, ഒക്കൽ ശ്രീനാരായണ ഹൈസ്കൂൾ എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലും കുട്ടികൾക്ക് ഫുട്ബാളിനും അത്‌ലറ്റിക്സിലും പരിശീലനം നൽകിയിട്ടുണ്ട്. കഴിഞ്ഞ 13 വർഷമായി കാഞ്ഞൂർ മരിയൻ ഫുട്ബാൾ അക്കാഡമി ചീഫ് കോച്ചായും സേവനമനുഷ്ഠിക്കുന്നു. 2017 മുതൽ കൂവപ്പടി പഞ്ചായത്തിൽ കുട്ടികൾക്കായി ഫുട്ബാളിലും അത്‌ലറ്റിക്സിലും പരിശീലനം നൽകുന്നു.
ആശാൻ സാഹിത്യവേദിയിലെ സ്ഥിരാംഗം, സീനിയർ സിറ്റിസൺ അസോസിയേഷൻ കുറച്ചിലക്കാട് പഞ്ചായത്ത് കമ്മിറ്റിഅംഗം, കോടനാട് നവകേരളം വായനശാല വൈസ് പ്രസിഡന്റ്, പെരുമ്പാവൂർ പൗരാവകാശ സംരക്ഷണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.