
പറവൂർ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവയ്പ് ഇന്ന് നടക്കും. രാവിലെ അഞ്ചിന് അഷ്ടാഭിഷേകം. വൈകിട്ട് ഏഴിനാണ് പൂജവയ്പ്. ദീപാരാധനയ്ക്ക് ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് ചെറിയ താമരപൊയ്കയ്ക്ക് നടുവിലെ ശ്രീകോവിലിൽ പൂജവയ്പ്പ് ചടങ്ങുകൾ നടത്തും. ശ്രീകോവിലിനകത്തും നാലമ്പലത്തിലും പ്രത്യേകം തയാറാക്കിയ പീഠത്തിലും പുസ്തകങ്ങൾ പൂജയ്ക്കുവയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പൂജവയ്പ്പിന് പുസ്തകങ്ങൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ തുറക്കും. നവരാത്രി മണ്ഡപത്തിൽ അരങ്ങേറുന്ന സംഗീതോത്സവം കാണാൻ ആസ്വാദകരേറെ എത്തുന്നുണ്ട്. വിജയദശമി ദിനമായ അഞ്ചിന് പുലർച്ചെ നാലിന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. പത്ത് ഗുരുക്കന്മാരാണ് കുട്ടികളെ എഴുത്തിനിരുത്തുക.