ആലുവ: കാൽ നൂറ്റാണ്ടോളമായിട്ടും നിർമ്മാണം പാതിവഴിയിലായ സീപോർട്ട് - എയർപോർട്ട് റോഡിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന് ആലുവ നിയോജക മണ്ഡലം പൊതുമരാമത്ത് വകുപ്പ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. എൻ.എ.ഡിമുതൽ മഹിളാലയം വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുക്കുന്നതിന് പണം അനുവദിച്ചെങ്കിലും നടപടികൾ ഇഴയുകയാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.

ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും എം.എൽ.എ കത്തുനൽകി. പുറയാർ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതും കാഞ്ഞൂർ ഹെർബെർട്ട് റോഡ് പുനരുദ്ധരിക്കൽ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടും എം.എൽ.എ കളക്ടർക്ക് കത്ത് നൽകി. ഹെർബെർട്ട് റോഡ് നിർമ്മാണം വേഗത്തിലാക്കാൻ പി.ഡബ്ല്യു.ഡി, സിയാൽ, കോസ്റ്റ് ഗാർഡ് വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗംവിളിക്കും.

ആലുങ്കൽകടവ് പാലം അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കുന്നതിന് അധിക തുകയ്ക്കായി പദ്ധതി തയ്യാറാക്കണമെന്നും ബ്രിഡ്ജസ് വിഭാഗത്തിന് നിർദ്ദേശം നൽകി. പാറപ്പുറം വല്ലംകടവ് പാലം ആറുമാസത്തിനകം പൂർത്തിയാക്കും.ചെങ്ങമനാട് പുത്തൻതോട് വളവ് നിവർത്താൻ സ്ഥലമേറ്റെടുക്കുന്നതിന് ജനപ്രതിനിധികൾ, പി.ഡബ്ല്യു.ഡി, സർവേ, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം പത്തിന് ചേരും.

ആലുവ - മൂന്നാർ, ആലുവ - പെരുമ്പാവൂർ റോഡുകളിലെ കുഴികളടച്ചിട്ടുണ്ടെങ്കിലും എത്രയുംവേഗം ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് സർക്കാരിൽ റിപ്പോർട്ട് കൊടുക്കും.

*എടയപ്പുറം റോഡ് കിൻഫ്രയിൽ നിന്ന് തിരിച്ചെടുക്കണം

കിൻഫ്ര കുടിവെള്ള പദ്ധതിക്കായി ഭൂഗർഭപൈപ്പുകൾ സ്ഥാപിക്കുന്നതിനായി വിട്ടുനൽകിയ തോട്ടുമുഖം - എടയപ്പുറം റോഡും കൊച്ചിൻ ബാങ്ക് - മെഡിക്കൽ കോളേജ് റോഡും തിരിച്ചെടുത്ത് എത്രയുംവേഗം ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണം.

* റോഡ് നന്നാക്കാതെ യോഗം വേണ്ടെന്ന് എം.എൽ.എ

മണ്ഡലത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ ഇനി മോണിറ്ററിംഗ് കമ്മിറ്റി ചേരേണ്ടതില്ലെന്ന് അൻവർ സാദത്ത് എം.എൽ.എ. പ്രഹസയോഗം ആവശ്യമില്ല മോണിറ്ററിംഗ് കമ്മിറ്റിയുടെ നോഡൽ ഓഫീസർകൂടിയായ പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ്ങ് എൻജിനിയർ ടി.എസ് സുജാറാണിക്കാണ് എം.എൽ.എ നിർദ്ദേശം നൽകിയത്. അസി. എക്‌സി എൻജിനിയർമാരായ മുഹമ്മദ് ബഷീർ, ലക്ഷ്മി എസ്. ദേവി, എ.ഇമാരായ അസീം, കെ.സി. ഷൈനി, കെ.കെ. ആബിദ, വി.എം. സുമിൻ, നസീം ബാഷ എന്നിവരും യോഗത്തിൽ പങ്കെടുത്തു.