പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന താണിയൻകടവ് വള്ളംകളി ഇന്ന് ചാത്തേടം തുരുത്തിപ്പുറം താണിയൻകടവിൽ നടക്കും. ക്രിസ്തുരാജ ബോട്ട് ക്ലബാണ് സംഘാടകർ. എ ഗ്രേഡിൽ താണിയൻ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, പുത്രൻ ഹനുമാൻ ഒന്നാമൻ, പുത്തൻപറമ്പിൽ തുരുത്തിപ്പുറം എന്നീ വള്ളങ്ങൾ മാറ്റുരയ്ക്കും. ജി.എം.എസ്, ജിബി തട്ടകൻ, ഹനുമാൻ രണ്ടാമൻ, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, കാശിനാഥൻ, മയിൽപ്പീലി, ശ്രീഭദ്ര, ഗോതുരുത്ത്, പമ്പാവാസൻ ചെറിയപണ്ഡിതൻ, മയിൽ വാഹനൻ ശ്രീമുരുകൻ എന്നിവ ബി ഗ്രേഡിൽ മത്സരിക്കും.
ആദ്യമായാണ് ജലോത്സവം നടക്കുന്ന താണിയൻകടവിൽ 450 മീറ്റർ നീളത്തിൽ രണ്ട് ട്രാക്ക് ഒരുക്കുന്നത്. സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെ കാണികൾക്ക് കൃത്യമായി കാണാൻ കഴിയുമെന്ന് സംഘാടകർ പറഞ്ഞു. രാവിലെ പത്തരയ്ക്ക് പതാക ഉയർത്തൽ, തുടർന്ന് സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ബിബിൻ വളയങ്ങാട്ട് ഫ്ലാഗ് ഓഫ് ചെയ്യും. മുനമ്പം ഡിവൈ.എസ്.പി എം.കെ.മുരളി ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കും.