പറവൂർ: പറവൂർ താലൂക്ക് പരിധിയിൽ വരുന്ന വിവിധ വില്ലേജുകൾക്ക് കീഴിലുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കുന്നതിന് താലൂക്ക് വികസനസഭ തീരുമാനിച്ചു. വിവിധ വില്ലേജുകളിലായി 300 ഏക്കറിലധികം പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യവ്യക്തികളും വൻകിട കെട്ടിട നിർമ്മാതാക്കളും ചേർന്ന് കൈയേറി കൈവശപ്പെടുത്തിയിരിക്കുന്നത്. തോട്, പുഴ പുറമ്പോക്കുകളുടെ ഉടമസ്ഥാവകാശം പഞ്ചായത്തിനാണെങ്കിലും പലപഞ്ചായത്തുകളും കൈയേറ്റങ്ങൾക്കുനേരെ കണ്ണടയ്ക്കുകയാണ്. കോൺഗ്രസ് പ്രതിനിധി എം.പി. റഷീദാണ് താലൂക്ക് സഭയിൽ വിഷയം അവതരിപ്പിച്ചത്. ഭൂരഹിതരില്ലാത്ത കേരളത്തിനായി ഭൂമി കണ്ടെത്താൻ സർക്കാർ പെടാപ്പാടുപെടുമ്പോഴാണ് കോടികൾ വിലമതിക്കുന്ന ഏക്കർ കണക്കിന് ഭൂമി സ്വകാര്യവ്യക്തികൾ കാലങ്ങളായി കൈവശംവച്ചിരിക്കുന്നത്. പിടിച്ചെടുക്കുന്ന പുറമ്പോക്ക് ഭൂമി അങ്കണവാടികൾ, സാംസ്കാരിക നിലയങ്ങൾ തുടങ്ങി വിവിധ ക്ഷേമ പദ്ധതികൾക്കായി പ്രയോജനപ്പെടുത്തണമെന്നു റഷീദ് ആവശ്യപെട്ടു.

പുറമ്പോക്ക് ഭൂമി കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസിൽദാർ യോഗത്തിൽ പറഞ്ഞു. എടയാർ വ്യവസായ മേഖലയിലെ വ്യവസായ ശാലകളുടെ പ്രവർത്തനത്തെക്കുറിച്ചു കഴിഞ്ഞ താലൂക്ക് സഭയിൽ നടന്ന ചർച്ചക്ക് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ മറുപടി പറഞ്ഞു. എടയാറിൽ ആകെയുള്ള 362 വ്യവസായ ശാലകളിൽ 336 എണ്ണം പ്രവർത്തിച്ചുവരുന്നതായി ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രവർത്തനം നിലച്ച വ്യവസായശാലകളുടെ സ്ഥലം പുതിയ അപേക്ഷകർക്ക് മാനദണ്ഡമസരിച്ച് നൽകുമെന്ന് വ്യവസായവകുപ്പ് പ്രതിനിധി വ്യക്തമാക്കി.

ലൂക്കിൽ ചില പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമവും ചർച്ചയായി. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, താലൂക്ക് വികസനസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.