ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രനഗരിയിൽ പഞ്ചായത്ത്
വിശ്രമകേന്ദ്രം പണിയുന്നത് കെട്ടിടനിർമ്മാണച്ചട്ടങ്ങളും പൊതുമരാമത്ത് റോഡിന്റെ ദൂരപരിധിയും ലംഘിച്ച്. സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശൗചാലയവും മുലയൂട്ടൽ കേന്ദ്രവും കഫേയും ഉൾപ്പെടുന്ന 530 ചതുരശ്ര അടി കെട്ടിടമാണ് പുറമ്പോക്ക് ഭൂമിയിൽ നിർമ്മിക്കുന്നത്.
നാലാം വാർഡിൽ കുരീക്കാട് വില്ലേജിൽപ്പെട്ട എറണാകുളം ചോറ്റാനിക്കര റോഡിനും എം.എൽ.എ റോഡിനും മദ്ധ്യേയാണ് കെട്ടിടനിർമ്മാണം. ടേക്ക് എ ബ്രേക്ക് എന്ന സർക്കാർ പദ്ധതിക്ക് ശുചിത്വ മിഷനാണ് തുക നൽകുന്നത്. സ്ഥലമില്ലാത്തതിനാൽ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് അനുവദിക്കുകയും ചെയ്തു. ഇവിടെ 37ലക്ഷം രൂപയ്ക്ക് കെട്ടിടം നിർമ്മിക്കാനായിരുന്നു കരാർ. ഈ സ്ഥലത്ത് മൂന്ന് പേർ അവകാശം ഉന്നയിച്ച് കേസുനൽകി ഇൻജംഗ്ഷൻ ഉത്തരവ് വാങ്ങി. തുടർന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരം ഇതേ പുറമ്പോക്ക് ഭൂമിയിൽ വേറെ സ്ഥലം അനുവദിച്ചു. സ്ഥലപരിമിതി മൂലം കെട്ടിട വിസ്തീർണം കുറഞ്ഞു. മൂന്ന് മാസം മുമ്പാണ് നിർമ്മാണം തുടങ്ങിയത്.
അജിയെന്ന കരാറുകാരനാണ് നിർമ്മാണ ചുമതല. കെട്ടിടത്തിന്റെ പുതിയ പ്ളാൻ പ്രകാരം ബിൽ നൽകുമ്പോൾ തുക അനുവദിക്കാനാണ് പഞ്ചായത്ത് നീക്കം. ഇതുവരെ തുക ഒന്നും നൽകിയിട്ടില്ല.
പി.ഡബ്ല്യു.ഡി റോഡിൽനിന്ന് മൂന്നു മീറ്റർ മാറിയേ മതിൽ പണിയാവൂ എന്നുണ്ടെങ്കിലും ഒരു മീറ്റർ പോലും വിടാതെയാണിപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്. സമീപത്തെ ലോഡ്ജുകാരും ഇതേമാർഗം പിന്തുടർന്നാൽ കാൽനട യാത്രികർ വലയും. ഭക്തർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പോലും സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് പുറമ്പോക്ക് കെട്ടിയടച്ച് പഞ്ചായത്തിന്റെ നിർമ്മാണം.
ടേക്ക് എ ബ്രേക്ക് കെട്ടിട നിർമ്മാണത്തിൽ വീഴ്ചയുണ്ടായോന്ന് അന്വേഷിക്കും.
എം.ആർ.രാജേഷ്
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കളക്ടർ വ്യവസ്ഥകളോടെ അനുവദിച്ച സ്ഥലത്ത് ഗതാഗത തടസത്തിനും അപകടസാധ്യതയ്ക്കു കാരണമാകുന്ന തരത്തിൽ നടക്കുന്ന പണികൾക്ക് ആരും മേൽനോട്ടം വഹിച്ചതായി കാണുന്നില്ല. ചുറ്റുമതിൽ പൊളിച്ച് മാറ്റാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണം.
ജോൺസൺ തോമസ്മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്