ആലുവ: 72ന്റെ നിറവിലും യുവാക്കളെ വെല്ലുന്ന കായിക പ്രകടനം കാഴ്ച്ചവയ്ക്കുകയാണ് ജോസ് മാവേലി. മുറതെറ്റാത്ത വ്യായാമമുറകളിലൂടെയും ആഹാരരീതികളിലൂടെയും യുവത്വം സംരക്ഷിക്കുന്ന ഇദ്ദേഹം വയോജന ദിനത്തിൽ മുതിർന്നവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ മാതൃകയാണ്.
പ്രായത്തെ വെല്ലുന്ന എണ്ണമറ്റ നേട്ടങ്ങളാണ് ഇദ്ദേഹം ഇതിനകം കൈവരിച്ചിട്ടുള്ളത്.
2004ൽ തായ്ലൻഡിൽ നടന്ന ഏഷ്യൻമീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവിനേടിയ ജോസ് മാവേലി ഏഷ്യൻ ചാമ്പ്യനായി. 2020ലെ നാഷണൽ മീറ്റിൽ ഇന്ത്യയിലെ വേഗതയുള്ള വെറ്ററൻ ഓട്ടക്കാരനെന്ന ബഹുമതി നേടി. കഴിഞ്ഞ നവംബറിൽ മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിൽ കേരളത്തിനായി രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടി. 2019ൽ ഗോവയിൽ നടന്ന യുണൈറ്റഡ് നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലുകൾ നേടി. 2011ൽ ചണ്ഡീഗഢിൽ നടന്ന നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും സ്വർണം നേടി. ഇതിനുമുമ്പു രണ്ട് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്.
2022ൽ ദീർഘദൂര ഓട്ടത്തിലും മിന്നും പ്രകടനം കാഴ്ചവച്ചു. തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996 ൽ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് കായിക പ്രേമിയായ ജോസ് മാവേലി. 2008ൽ കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോർട്‌സ് അക്കാദമിയും ആരംഭിച്ചു.