തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ഭരണ സമിതിയിൽ ഭിന്നത. ഇന്നലെ വിളിച്ചുചേർത്ത സ്റ്റിയറിംഗ് കമ്മറ്റിയിൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ വിട്ടുനിന്നത് വിവാദമായി. തുടർച്ചയായി രണ്ടാം ദിവസമാണ് ചെയർപേഴ്സൺ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം വിളിച്ചുചേർത്തിരുന്നത്. വൈസ്.ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി ഉൾപ്പെടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും വകുപ്പു മേധാവികളും ഉച്ചവരെ കാത്തു നിന്നിട്ടും ചെയർപേഴ്സൺ നഗരസഭയിൽ എത്താതിരുന്നതിനാൽ യോഗം നടത്താനായില്ല. സർക്കാർ മുൻഗണന പദ്ധതികളായ വളർത്ത് നായ്ക്കൾക്ക് വാക്സിനേഷൻ ക്യാമ്പ്, സ്മാർട്ട് ഗാർബേജ് ആപ്പ്, വിദ്യാഭ്യാസ അവാർഡ്, നഗരസഭാ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകൽ, മുനിസിപ്പൽ മാർക്കറ്റ് പുനരധിവാസം തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ആലോചിക്കാനായിരുന്നു ഇന്നലെ യോഗം വിളിച്ചത്. ഉച്ചയ്ക്ക് ഒരുമണിവരെ കാത്തിരുന്നശേഷം വൈസ്.ചെയർമാൻ ചെയർപേഴ്സണെ വിളിച്ചപ്പോൾ ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ളതിനാൽ യോഗം മാറ്റിവെക്കയ്ണമെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ 28ന് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചിരുന്നെങ്കിലും ചെയർപേഴ്സൺ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ നഗരസഭയിലെ യുവജന ബോർഡ് കോ- ഓർഡിനേറ്റർ നിയമനത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം കോൺഗ്രസിലെ എ വിഭാഗം വിയോജനം നൽകിയതിനാൽ തീരുമാനം പാസാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഭരണത്തിലെ ഭിന്നിപ്പ് തൃക്കാക്കര നഗരസഭയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.