art-fest

കൊച്ചി: കൊവിഡ് കെടുത്തിയ കലാവിരുന്നിന് തിരിതെളിയാൻ ഇനി നാളുകൾ മാത്രം. ജില്ലയിലെ സ്കൂളുകളിൽ ഇനി മത്സരാവേശങ്ങൾക്ക് യവനിക ഉയരും. കലോത്സവങ്ങളിൽ പങ്കെടുക്കുന്നതിന് ഒപ്പന, മാർഗംകളി, തിരുവാതിര, സംഘനൃത്തം എന്നിവയിൽ ഒട്ടുമിക്ക സ്‌കൂളുകളും പരിശീലനം ആരംഭിച്ചു. കഴിഞ്ഞ രണ്ടുവർഷം മുടങ്ങിപ്പോയ കലോത്സവം ഇത്തവണ ഗംഭീരമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിനായുള്ള യോഗങ്ങൾ ആരംഭിച്ചു. വേദികൾ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. 14 ഉപജില്ലകളിലേയും 4 റവന്യു ജില്ലകളിലേയും കലോത്സവങ്ങളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുക.

ആലുവ വേദിയാകും

റവന്യൂ ജില്ലാ കലോത്സവത്തിന് ഇത്തവണ ആലുവ വേദിയാകും. നവംബർ 28,29,30 ഡിംസബ‌ർ 1 തീയതികളിലായിരിക്കും കലോത്സവം. ഇതിൽ ചില തീയതികളിൽ മാറ്റം വന്നേക്കാം. സബ് ജില്ലാ കലോത്സവങ്ങൾ ഒക്ടോബർ അവസാനത്തോടെ പൂ‌ർത്തിയാക്കും. ആലുവയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേദികൾ അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പരിശോധിച്ചുവരുകയാണ്. മൂത്തകുന്നം എസ്.എൻ.എം എച്ച്.എസ്.എസ് വേദിയാക്കാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല. മറ്റ് വേദികൾ കൂടി കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. മുൻ വർഷങ്ങളിലേതുപോലെ സർക്കാരിൽ ഫണ്ട് ഉണ്ടാകും. ഇത് തികയാതെ വന്നാൽ കുട്ടികൾ, അദ്ധ്യാപക‌ർ, തുക നൽകാൻ തയ്യാറായിട്ടുള്ള സന്നദ്ധ വ്യക്തികൾ എന്നിവരിൽ നിന്നും പണം കണ്ടെത്തും.

കലാ അദ്ധ്യാപകർക്ക് ആശ്വാസം

രണ്ട് വർഷത്തിനുശേഷം, കലോത്സവം കൊണ്ട് ഉപജീവനം നടത്തുന്ന നിരവധി കലാകാരൻമാർക്കു കൂടി വരുമാനമാർഗം തെളിയുകയാണ്. സാധാരണയുള്ള പരിശീലനത്തിന് പുറമേ, കലോത്സവം ലക്ഷ്യംവച്ചുള്ള പ്രത്യേക പരിശീലനവും ആരംഭിച്ചിട്ടുണ്ട്. നൃത്തം, വാദ്യം, സംഗീതം എന്നിവയ്ക്ക് പുറമെ മിമിക്രി, മോണോആക്ട്, മൈം, നാടകം തുടങ്ങിയവയ്ക്കും പരിശീലനം ആരംഭിച്ചു. പഴയ വിഷയങ്ങൾ മാറ്റി പുതമുയുള്ളവ കണ്ടെത്താനുള്ള ശ്രമത്തിലാണ് കലാ അദ്ധ്യാപകരും സ്കൂൾ അധികൃതരും. നൃത്തത്തിന് ആവശ്യമായ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നവർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, ഗാനങ്ങൾ ചിട്ടപ്പെടുത്തി സി.ഡി തയ്യാറാക്കുന്നവർ തുടങ്ങിയ വിവിധ മേഖലകളും കലോത്സവത്തിന് സജീവമായി.

സംസ്ഥാന കലോത്സവം കോഴിക്കോട്

സ്‌കൂൾ, ഉപജില്ല, റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കുശേഷം അടുത്ത വ‌ർഷം ജനുവരി മൂന്ന് മുതൽ എട്ടുവരെ കോഴിക്കോട്ടാണ് സംസ്ഥാന സ്‌കൂൾ കലോത്സവം. ഡിസംബറിന് മുമ്പ് മൂന്നു തലത്തിലുള്ള മത്സരം പൂർത്തീകരിക്കും. അടുത്തമാസം 15ന് മുമ്പ് സ്‌കൂൾതലത്തിലും നവംബർ 30ന് മുമ്പ് ഉപജില്ലാ തലത്തിലും മത്സരങ്ങൾ പൂർത്തിയാകും.


കഴിഞ്ഞ രണ്ടുവർഷം അരങ്ങേറാത്തതിന്റെ കുറവുകൾ നീക്കി വിപുലമായി തന്നെ കലോത്സവം നടത്താനാണ് തീരുമാനം. ഇതിനുള്ള യോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഹണി ജി.അലക്സാണ്ടർ

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ