ആലുവ: മദ്യത്തിനും മയക്കുമരുന്നിനെതിരെ എൻ.എസ്.എസ് ആലുവ താലൂക്ക് യൂണിയൻ സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ ആയിരങ്ങൾ കണ്ണികളായി. താലൂക്കിലെ 74 കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകർക്കൊപ്പം സ്കൂൾ വിദ്യാർത്ഥികളും ആലുവ മർച്ചന്റ്സ് അസോസിയേഷനും ലയൺസ് ക്ളബ് ഭാരവാഹികളും പങ്കെടുത്തു.
ടൗൺഹാളിന് മുമ്പിലെ ഗാന്ധിപ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചനയും പ്രതിജ്ഞക്കും ശേഷം അൻവർ സാദത്ത് എം.എൽ.എ ദീപശിഖ കൈമാറി കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എൻ. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ സംസാരിച്ചു. പാലസ് റോഡ്, ബാങ്ക് കവല, സ്വകാര്യ ബസ് സ്റ്റാന്റ്, കാരോത്തുകുഴി, ഗവ. ആശുപത്രി, കെ.എസ്.ആർ.ടി.സി, റെയിൽവേ, പമ്പ് കവല, മുനിസിപ്പൽ ഓഫീസ് വഴി കൂട്ടയോട്ടം അദ്വൈതാശ്രമം ഗ്രൗണ്ടിൽ സമാപിച്ചു. സമാപന സമ്മേളനം എ.എൻ. വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആർ. പണിക്കർ, സെക്രട്ടറി പി.എസ്. വിശ്വംഭരൻ, സുരേന്ദ്രൻ, വി. മനോജ്, അഡ്വ. രഘുകുമാർ, വി.ജി. രാജഗോപാൽ, വി.ഡി. രാധാകൃഷ്ണൻ, പി.എസ്. ബാബുകുമാർ, ചന്ദ്രമോഹനൻ നായർ, ജി. ശ്രീകുമാർ, എം.പി. ബാബു, ഡി. ദാമോദരകുറുപ്പ്, കെ.ആർ. അനിൽകുമാർ, സുരേഷ് ബാബു, അനിൽ എം. പിള്ള, എം.വി. വിപിൻ എന്നിവർ നേതൃത്വം നൽകി.
എൻ.എസ്.എസിന് കീഴിലുള്ള പാറക്കടവിലെയും മാണിക്യമംഗലത്തെയും സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അണിനിരന്നത്.