കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ ഫിനാൻസ് ഡിപ്പാർട്ടുമെന്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സംഗമം ഏലൂർ എസ്.സി.എസ് മേനോൻ ഹാളിൽ ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ആന്ധ്ര, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മുൻ ജീവനക്കാരടക്കം 134 പേർ സംഗമത്തിൽ പങ്കെടുത്തു. 90 വയസുള്ളവർവരെ പഴയ സഹപ്രവർത്തകരെ കാണാനെത്തി വിശേഷങ്ങൾ പങ്കുവെച്ചത് കൗതുകമുണർത്തി.

രാവിലെ 9 മുതൽ മുൻ ഫിനാൻസ് മാനേജരും വാദ്യകലാകാരനുമായ രാധാകൃഷ്ണമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടെയായിരുന്നു തുടക്കം. യോഗത്തിൽ മുൻ ഫിനാൻസ് ഡയറക്ടർ പി.കെ.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫിനാൻസ് എസ്.ശക്തി മണി, മുൻ സി.എം.ഡിമാരായ എസ്.എം.ജയിൻ, ജോർജ് സ്ലീബ, സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ സി.ഗോവിന്ദ്, അഡ്വ.ജോസി സേവ്യർ, ജയിംസ് മേനാച്ചേരി തുടങ്ങിയവർ സംസാരിച്ചു.

ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് സദ്യ കഴിയ്ക്കുകയും വിവിധ കലാപരിപാടികൾ ആസ്വദിച്ചും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തും ആഹ്ളാദത്തോടെ പിരിഞ്ഞു.വി.അനന്തരാമൻ, പി. എസ് ഗോപാലകൃഷ്ണൻ, ഇസ്മയിൽ, ആർ.രാജഗോപാൽ എന്നിവരായിരുന്നു സംഘാടകർ.