a-grade-final-vallamkali-
താണിയൻകടവ് വള്ളംകളിയുടെ എ ഗ്രേഡിൽ ഫൈനൽ മത്സരം

പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച താണിയൻകടവ് വള്ളംകളിയുടെ എ ഗ്രേഡിൽ താണിയന് കിരീടം. ബി ഗ്രേഡിൽ ഗോതുരുത്ത് ജേതാവായി. താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയൻ ഫൈനലിൽ തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ തുരുത്തിപ്പുറത്തെ പരാജയപ്പെടുത്തി. സീസണിൽ അവരുടെ അഞ്ചാം കിരീടമാണ്. ബി ഗ്രേഡ് ഫൈനലിൽ പുത്തൻവേലിക്കര ബി.ബി.സി ബോട്ട് ക്ലബിന്റെ ഹനുമാൻ രണ്ടാമനെ പരാജയപ്പെടുത്തിയാണ് ഗോതുരുത്ത് ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് ജയിച്ചത്. സീസണിൽ അവരുടെ രണ്ടാം ജയമാണ്. നെഹ്റു ട്രോഫിയിലായിരുന്നു ആദ്യ ജയം. മൂന്ന് ജലമേളകളിൽ രണ്ടാം സ്ഥാനം നേടി. താണിയൻകടവ് വള്ളംകളിയുടെ എ ഗ്രേഡിൽ ആറും ബി ഗ്രേഡിൽ പന്ത്രണ്ടും വള്ളങ്ങൾ മാറ്റുരച്ചു. ഒട്ടേറെ ജലോത്സവ പ്രേമികളും ജലമേള കാണാൻ തടിച്ചുകൂടിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ക്രിസ്തുരാജ ബോട്ട് ക്ലബിന്റെ പ്രസിഡന്റ് ജോസി വെയിൽസ് താണിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.കെ ജില്ലാ സെക്രട്ടറി ബിബിൻ വളയങ്ങാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് തുരുത്തിപ്പുറം ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകുന്ന 25 വീടുകളുടെ നിർമാണോദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം നിത സ്റ്റാലിൻ, വാർഡ് അംഗങ്ങളായ ജാൻസി ഫ്രാൻസിസ്, ഷൈബി തോമസ്, ക്ലബ് സെക്രട്ടറി രാജു പാലപറമ്പിൽ, ചെയർമാൻ ഫാൻസിസ് വലിയപറമ്പിൽ, ഫാ. ഫ്രാൻസിസ് താണിയത്ത് എന്നിവർ സംസാരിച്ചു. മുനമ്പം ഡി.വൈ.എസ്പി എം.കെ. മുരളി ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.