ellumala
പായിപ്രയിലെ എള്ളുമല മല ഇടിച്ച് നിരത്തിയ നിലയിൽ

മൂവാറ്റുപുഴ: സർക്കാർ തീരുമാനത്തിനും നാട്ടുകാരുടെ പ്രതിഷേധത്തിനും പുല്ലുവില കൽപ്പിച്ച് പായിപ്രയിൽ ഭൂമാഫിയ വിലസുന്നു. പായിപ്രയിലെ കുന്നുകളും മലകളും ഇടിച്ചുനിരത്തി മുന്നോട്ടുനീങ്ങുകയാണ് ഭൂമാഫിയ.

കഴിഞ്ഞദിവസം മലയിടിക്കുന്ന ഹിറ്റാച്ചിയും ടോറസുമുൾപ്പടെ 14 വാഹനങ്ങൾ പൊലീസ് പിടികൂടിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ അപ്പോൾത്തന്നെ ഭൂമാഫിയയെ അറിയിച്ച് വാഹനങ്ങൾ മാറ്റുന്നതിനുള്ള അവസരം ഒരുക്കിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിരോധത്തിനുമുന്നിൽ മൂവാറ്റുപുഴ പൊലീസിന് നടപടി സ്വീകരിക്കേണ്ടിവന്നു.

മൈനിംഗ് ആൻഡ് ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമാഫിയ ഒരു നാടുമുഴുവൻ ഇടിച്ചുനിരത്തുന്നത്. വലിയമലയുടെ മുകളിൽ വീടുവയ്ക്കാൻ പഞ്ചായത്തിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നുംപെർമിറ്റ് വാങ്ങിയശേഷം വീടിന്റെ സ്കെച്ചും പ്ലാനും തയ്യാറാക്കി മൈനിംഗ് ആൻഡ് ജിയോളജിയിൽ നിന്ന് മലയിടിക്കാനുള്ള അനുമതി സ്വന്തമാക്കുകയാണ് ഭൂമാഫിയ സംഘം. പെർമിറ്റ് കൊടുക്കുന്നകാര്യത്തിൽ എല്ലാ വകുപ്പുകളും ഉദാരസമീപനമാണ് സ്വീകരിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥർക്കും ഭൂമാഫിയക്കുമിടയിൽ പാലമായി പ്രവർത്തിക്കുന്ന ഒരുകൂട്ടരും ഉണ്ടെന്നാണ് ആരോപണം.

ആവാസവ്യവസ്ഥ തകിടംമറിക്കുന്നു

പത്ത് സെന്റിന് പെർമിറ്റ് വാങ്ങി ഏക്കറുകണക്കിന് മലയിടിക്കുന്നു. ആവാസ വ്യവസ്ഥയെപ്പോലും തകിടം മറിക്കുന്നരീതിയിലേക്ക് മാറിയപ്പോഴാണ് നാട്ടുകാർ നേരിട്ടിറങ്ങി വാഹനം തടഞ്ഞതും പൊലീസിന് കേസെടുക്കേണ്ടിവന്നതും. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്ഥലംമാറ്റിയെന്നുമാത്രം. മുമ്പ് ഇടിക്കൽ നിർത്തിവച്ചിരുന്ന എള്ളുമല ഇടിച്ചുനിരത്തൽ ആരംഭിച്ചു. പായിപ്ര പഞ്ചായത്തിലെ തന്നെ പോയാലിമല ഇടിഞ്ഞുവീണിട്ട് മൂന്നുമാസം പോലും ആയിട്ടില്ല. ഈ അവസ്ഥയിലാണ് എള്ളുമലയുൾപ്പടെ ഇടിച്ച് നിരത്തുന്നത്. മലയിടിക്കുന്നതോടൊപ്പം യാതൊരുവിധ മുൻകരുതലും ഇല്ലാതെ പാറപൊട്ടിച്ച് കൊണ്ടുപോകുന്നതും പതിവാക്കിയിരിക്കുന്നു. പാറപൊട്ടിക്കുന്നതിന് സ്ഫോടക വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിയമം ഭൂമാഫിയയ്ക്ക് ബാധകമല്ലെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. എള്ളുമലയ്ക്ക് സമീപം വഴിയുണ്ടാക്കാനാണെന്ന വ്യാജേന നിരവധി ലോഡ് കല്ലുകളാണ് രാത്രികാലങ്ങളിൽ പൊട്ടിച്ചുകടത്തുന്നത്. ഇതുസംബന്ധിച്ച് പരാതി പറയുന്ന നാട്ടുകാരോട് നിയമപ്രകാരമാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. വിഷയത്തിൽ മുഖ്യമന്ത്രി, റവന്യു മന്ത്രി, വ്യവസായ മന്ത്രി, ഡി.ജി.പി, ചീഫ് സെക്രട്ടറി, കളക്ടർ എന്നിവർക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ. മൈനിംഗ് ആൻഡ് ജിയോളജി, റവന്യു, പൊലീസ്, പഞ്ചായത്ത് വകുപ്പുകളിലെ അധികാരികളുടെ മൗനാനുവാദത്തോടെയാണ് മലകൾ ഇടിച്ചുനിരത്തുന്നതും പാറപൊട്ടിക്കുന്നതും. പകൽ പരസ്യമായി കുന്നുകൾ ഇടിച്ചുനിരത്താൻ ഭൂമാഫിയ ധൈര്യപ്പെടണമെങ്കിൽ ഉദ്യോഗസ്ഥ, ഭരണ പ്രമാണിമാരുടെ അനുമതിയുണ്ടാകുമെന്ന വിശ്വാസമാണ് പ്രദേശ വാസികൾക്ക്. ഭൂമാഫിയയ്ക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ചിത്രം - എള്ളുമല വീണ്ടും ഇടിച്ചിരത്തിയശേഷം മലയിലെ കല്ലുകൾ സ്പോടക വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ച് കൊണ്ടുപോകുന്നതിന് തയ്യാറാക്കുന്നു.