kodiyeri-balakrishnan

യോഗനാദം 2022 ഒക്ടോബർ ഒന്ന് ലക്കം എഡി​റ്റോറി​യൽ

.....................................

കോടി​യേരി​ ബാലകൃഷ്ണൻ കാലയവനി​കയ്ക്കുള്ളി​ൽ മറയുമ്പോൾ നഷ്ടമാകുന്നത് കേരള രാഷ്ട്രീയത്തി​ലെ ഏറ്റവും പ്രസാദാത്മകമായ മുഖങ്ങളി​ലൊന്നാണ്. നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തന്നെ സമീപിക്കുന്നവരുടെ ആവശ്യങ്ങളെയും സൗമ്യമായും സ്നേഹപൂർണമായും പ്രായോഗിക ബുദ്ധിയോടെയും കൈകാര്യം ചെയ്ത് ജനമനസുകളിലേക്ക് കടന്നുകയറി അവിടെ കുടിയിരുന്ന അപൂർവ നേതാവാണ് കോടിയേരി. പൊതുവേ കാർക്കശ്യക്കാരാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ. പ്രത്യേകിച്ച് മുതിർന്നവർ. കയ്പ്പേറിയ രാഷ്ട്രീയ, ജീവിത അനുഭവങ്ങളാകാം അതിന് കാരണം. അവിടെയും കോടിയേരി വ്യത്യസ്തനായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ, പ്രത്യയശാസ്ത്രഭാരമില്ലാതെ സി.പി.എമ്മിനും സമൂഹത്തിനും ഇടയിൽ ദീർഘനാളായി നിലകൊണ്ട പാലമാണ് ഒക്ടോബർ ഒന്നിന് ഇല്ലാതായത്.

കൗമാരത്തിൽത്തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമർപ്പിക്കപ്പെട്ടതാണ് ആ ജീവിതം. അന്ത്യശ്വാസം വരെ പാർട്ടിയായിരുന്നു അദ്ദേഹത്തിന് എല്ലാം. 17ാം വയസി​ൽ ബ്രാഞ്ച് കമ്മി​റ്റി​ അംഗമായി​ തുടങ്ങി​യ പാർട്ടി​ജീവി​തം പരമോന്നത സമി​തി​യായ പോളി​റ്റ് ബ്യൂറോവരെ എത്തി​. പാർട്ടി​യുടെ വി​ദ്യാർത്ഥി​, യുവജന, കർഷക പ്രസ്ഥാനങ്ങളുടെ സാരഥ്യത്തി​ലൂടെയും ജി​ല്ലാ, സംസ്ഥാന സെക്രട്ടറി​യായും കടന്നുപോയി​. ഇതി​നി​ടെയാണ് 2008ൽ പോളി​റ്റ് ബ്യൂറോ അംഗമായത്. 24 വർഷം നി​യമസഭാംഗമായി​രുന്നു. പ്രതി​പക്ഷ ഉപനേതാവായും നേതാവായും വി​.എസ്. മന്ത്രി​സഭയി​ൽ ആഭ്യന്തര, ടൂറി​സം മന്ത്രി​യായും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. പാർട്ടി​യെ കടുത്ത പ്രതി​സന്ധി​യി​ലാക്കി​യ വി​ഭാഗീയതയുടെ കാലത്തും പ്രതി​യോഗി​കൾക്കും സ്വീകാര്യനായി​ നി​ൽക്കാനായത് കോടി​യേരി​യുടെ സവി​ശേഷമായ സ്വഭാവഗുണം കൊണ്ടുതന്നെയാണ്. കോടി​യേരി​ സംസ്ഥാന സെക്രട്ടറി​യായതുകൊണ്ടാണ് പാർട്ടി​യി​ൽ വീണ്ടും ഐക്യം കൊണ്ടുവരാൻ സാധി​ച്ചത്. എതി​ർപക്ഷത്തെ വെട്ടി​നി​രത്താതെ സമവായത്തി​ലൂടെ ചേർത്തുനി​റുത്താൻ കഴി​ഞ്ഞതി​ന്റെ രഹസ്യവും രസതന്ത്രവും കോടി​യേരി​യുടെ സമീപനരീതി​ തന്നെ. എങ്കി​ലും പാർട്ടി​ക്കാര്യങ്ങളി​ലും നി​ലപാടുകളുടെ കണി​ശതയി​ലും വി​ട്ടുവീഴ്ചകളൊന്നുമുണ്ടായി​ട്ടുമി​ല്ല. അദ്ദേഹത്തി​ന്റെ സൗഹൃദത്തി​ന് കക്ഷി​, രാഷ്ട്രീയ, വർഗ, വർണഭേദമി​ല്ലായി​രുന്നു. മത, സാമുദായി​ക, സംഘടനാ നേതാക്കളുമായി​ അടുത്ത സൗഹൃദം പുലർത്താൻ കഴി​ഞ്ഞതും അതുകൊണ്ടാണ്. ബന്ധങ്ങൾ ഉൗഷ്മളതയോടെ നി​ലനി​റുത്താനുള്ള അസാധാരണ വൈഭവം കോടി​യേരി​ ബാലകൃഷ്ണന്റെ ഏറ്റവും വലി​യ പ്രത്യേകതയായി​രുന്നു.

കോടി​യേരി​യി​ലെ സാധാരണ കുടുംബത്തി​ൽ ജനി​ച്ച് 12ാം വയസി​ൽ പി​താവി​നെ നഷ്ടപ്പെട്ട കുട്ടി​​യെ കമ്മ്യൂണി​സത്തി​ലേക്ക് നയി​ച്ചത് ജീവി​തത്തി​ലെ കഷ്ടപ്പാടുകളാണ്. പശുവി​നെ വളർത്തി​യും പറമ്പ് വി​റ്റുമാണ് അമ്മ നാരായണി​ മകനെ പഠി​പ്പി​ച്ചത്. തി​രുവനന്തപുരം യൂണി​വേഴ്സി​റ്റി​ കോളേജി​ൽ നി​ന്ന് ബി​രുദംനേടി​യ ശേഷം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി​യായി​രി​ക്കെ അടി​യന്തരാവസ്ഥക്കാലത്ത് 16 മാസം 'മി​സ' തടവുകാരനായി​ ജയി​ൽവാസവും വേണ്ടി​വന്നു. പി​ണറായി​ വി​ജയനും ഇക്കാലത്ത് ജയി​ലി​ലുണ്ടായി​രുന്നു. ഇരുവരുടെയും സൗഹൃദം പാർട്ടി​ക്കും സംസ്ഥാന ഭരണത്തി​നും നൽകി​യ കരുത്ത് ചെറുതല്ല. പി​ണറായി​ വി​ജയൻ ഭരണത്തെ പാർട്ടി​യുമായും ജനങ്ങളുമായും ചേർത്ത് നി​റുത്തി​യതി​ൽ സുപ്രധാനപങ്ക് കോടി​യേരി​യുടേതാണ്. ചരി​ത്രത്തി​ലാദ്യമായി​ ഇടതുസർക്കാരി​നെ കേരളത്തി​ൽ തുടർഭരണത്തി​ലേക്ക് നയി​ക്കാൻ കാരണവും മറ്റൊന്നല്ല. ജനകീയ പ്രശ്നങ്ങളെ സൗമ്യമായി​ കൈകാര്യം ചെയ്യാനും തണുപ്പി​ക്കാനും ഒപ്പം നി​റുത്തുവാനുമുള്ള കോടി​യേരി​ക്കുള്ള മി​ടുക്ക് മാതൃകാപരമാണ്.

കരുത്തുറ്റ പാർട്ടി​ നേതാവായി​രി​ക്കുമ്പോഴും മി​കച്ച ഭരണാധി​കാരി​ കൂടി​യായി​രുന്നു കോടി​യേരി. അദ്ദേഹം​ ആഭ്യന്തരമന്ത്രി​സ്ഥാനം വഹി​ച്ച കാലഘട്ടമാണ് കേരളത്തി​ലെ പൊലീസ് സേനയുടെ സുവർണകാലം. സേനയെ ആധുനി​കവത്കരി​ക്കാനും പൊലീസുകാരി​ൽ ആത്മവി​ശ്വാസവും കർത്തവ്യബോധവും വളർത്താനും കൊണ്ടുവന്ന നി​ർണായകമായ പരി​ഷ്കാരങ്ങൾ ഇക്കാലത്താണ് നടപ്പായത്. കോൺ​സ്റ്റബി​ളായി​ വി​രമി​ക്കുന്ന രീതി​ക്ക് അദ്ദേഹം അന്ത്യം കുറി​ച്ചു. യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ ഹെഡ്കോൺ​സ്റ്റബി​ൾ റാങ്കും 23ാം വർഷം എ.എസ്.ഐ റാങ്കും ഇന്ത്യയിൽ ആദ്യമായി നടപ്പാക്കി. പൊലീസ് സേനയെ ജനമനസുകളി​ലേക്കെത്തി​ച്ച ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി​കൾ, വി​മുക്തഭടന്മാരുടെ ഹോം ഗാർഡ്, തണ്ടർബോൾട്ട് കമാൻഡോ ബറ്റാലി​യൻ, തീരദേശ പൊലീസ്, തീരദേശ ജാഗ്രതാ സമിതികൾ, ശബരി​മലയി​ലെ വെർച്വൽ ക്യൂ, കോൺ​സ്റ്റബി​ളി​ന് പകരം സി​​വി​ൽ പൊലീസ് ഓഫീസർ പദവി​, പുതി​യ പാെലീസ് ആക്ട്, പൊലീസുകാർക്കെല്ലാം ആഭ്യന്തര വകുപ്പി​ന്റെ മൊബൈൽ കണക്‌ഷൻ, എല്ലാ സ്റ്റേഷനുകളി​ലും കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും എന്നി​ങ്ങ​നെ കേരളപൊലീസി​നെ കാലത്തി​നനുസരി​ച്ച് മാറ്റി​യ ആഭ്യന്തരമന്ത്രി​യായി​രുന്നു അദ്ദേഹം. കേരള ടൂറി​സം വകുപ്പി​ന് പുതി​യമുഖം നൽകാനും കോടി​യേരി​യെന്ന ടൂറി​സം മന്ത്രി​ക്ക് കഴി​ഞ്ഞു.

രണ്ടരവർഷം മുമ്പ് അർബുദം ആരോഗ്യത്തെ ആക്രമി​ച്ചപ്പോഴും ഏത് വെല്ലുവി​ളി​യേയും ധൈര്യസമേതം നേരി​ടുന്ന പതി​വ് സമീപനം കോടി​യേരി തുടർന്നു. വ്യക്തി​ജീവി​തത്തി​ലെ പരീക്ഷണ ഘട്ടത്തി​നി​ടെ രോഗം കീഴടക്കാൻ ശ്രമി​ച്ചി​ട്ടും അതി​ന് വഴങ്ങാതെ തുടക്കം മുതൽക്കേ നെഞ്ചുവിരിച്ചുനി​ന്ന് പോരാടി​. 'കരഞ്ഞിരുന്നാൽ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളൂ' എന്നാണ് വാർത്താസമ്മേളനത്തിൽ രോഗത്തെക്കുറിച്ച് അദ്ദേഹം പ്രതി​കരി​ച്ചത്. രോഗാതുരമായി​ട്ടും അവസാനകാലം വരെ പാർട്ടി​ ചുമതലകൾ കൃത്യമായി​ നി​റവേറ്റി​യാണ് കോടി​യേരി​യുടെ മടക്കം. അവിസ്മരണീയമായ സംഭാവനകൾ സ്വന്തം പാർട്ടി​ക്കും നാടി​നും ജനതയ്ക്കും പകർന്ന് നൽകി​യ ധീരമായ ജീവി​തം.

എസ്.എൻ.ഡി.പി യോഗവും സി.പി.എമ്മും തമ്മി​ലുള്ള സൗഹൃദത്തിന്റെ പാലമാണ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിലൂടെ ഇല്ലാതായത്. യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ എന്റെ ഉ​റ്റബന്ധു കൂടി​യായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറിയും ആഭ്യന്തരമന്ത്രിയും ആയിരുന്നപ്പോഴും സമുദായവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും തുണയായി​ നി​ന്നു. ​ മലപോലെ വരുന്നതിനെ എലിപോലെയാക്കി പരിഹരിക്കാനുള്ള മാസ്മര ശക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. നന്മനിറഞ്ഞ ആ ചിരിയും പെരുമാ​റ്റവും മറക്കാനാകില്ല. നാടി​നും ജനതയ്ക്കും തീരാനഷ്ടമാണ് ഈ വി​യോഗം. ജനഹൃദയങ്ങളിൽ ഒളിമങ്ങാത്ത ഓർമ്മയായി ആ മന്ദസ്മിതം എന്നുമുണ്ടാകും. കോടിയേരി ബാലകൃഷണന്റെ ഉജ്ജ്വലസ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.