d-junk

കൊച്ചി: ഉപയോഗിച്ച ഡയപ്പറുകൾ ഏറ്റുവാങ്ങാനും കൊച്ചിയിലൊരു കമ്പനിയുണ്ട്. മാലി​ന്യം സംഭരി​ക്കുന്നവർ ഏറ്റെടുക്കാത്തതിനാൽ നഗരവാസികൾക്ക് ഇതൊരു പൊല്ലാപ്പായി മാറിയപ്പോഴാണ് തിരുവനന്തപുരം സ്വദേശി എസ്. മുബാറക്കും കോഴിക്കോട് സ്വദേശി ജോസ് അഗസ്റ്റിനും ചേർന്ന് നടത്തുന്ന സ്റ്റാർട്ടപ്പ് കമ്പനി ഇതിനായി മുന്നോട്ടു വന്നത്.

കാക്കനാട് അത്താണിയി​ലെ ഡി ജങ്ക് (ഡിസ്പോസ് യുവർ ജങ്ക്) എന്ന ഇവരുടെ കമ്പനിയിൽ നിന്ന് ജീവനക്കാർ വീടുകളിലെത്തി ഡയപ്പറുകൾ ഏറ്റെടുക്കും. കിലോയ്ക്ക് 57 രൂപ ഫീസ് ഈടാക്കും. ഉപയോഗിച്ച ഡയപ്പറുകൾ കൂടുകളിലാക്കി ഏല്പിക്കണം. തൃക്കാക്കര നഗരസഭയുമായി സഹകരിച്ചാണ് പ്രവർത്തനം. വെബ്സൈറ്റ് കണ്ടും മറ്റുള്ളവർ പറഞ്ഞറിഞ്ഞും മറ്റു പ്രദേശങ്ങളിൽ നിന്ന് ആളുകൾ വിളിക്കുന്നുണ്ട്. സമാഹരി​ക്കുന്ന ഡയപ്പറുകൾ സംസ്കരിക്കുന്നതിന്​ അമ്പലമേട് കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചറിന് കൈമാറും. ഇവർ ശാസ്ത്രീയമായി കത്തിക്കും.

ഇ വേസ്റ്റുകളും പ്ലാസ്റ്റിക്കുകളും ശേഖരിക്കുന്നതിനാണ് ഇവർ 2019ൽ ഡി ജങ്ക് ആരംഭിച്ചത്. ഡയപ്പറുകൾ സംസ്കരിക്കാൻ വഴിയുണ്ടോയെന്ന ചോദ്യം പതി​വായപ്പോഴാണ് വി​ദഗ്ദ്ധരുമായുള്ള കൂടിയാലോചനകൾക്കും പഠനത്തി​നുംശേഷം ഇവ ഏറ്റെടുക്കാൻ തീരുമാനിച്ചത്.

ഞായർ ഒഴി​കെ എല്ലാദി​വസവും കളക്ഷനുണ്ട്. അമ്പതോളം തൊഴിലാളികളുണ്ട്. ഡയപ്പറുകൾ വൃത്തിയാക്കണമെന്ന് നിർബന്ധമില്ല. രണ്ടുദിവസം കൂടുമ്പോൾ ഇവ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചറിന് കൈമാറും.

കേരളം മുഴുവൻ ഉടനെത്തും

ഡയപ്പർ സംസ്കരണം ഉടനെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി​ മൊബൈൽആപ്പ് വികസിപ്പിക്കുന്നുണ്ട്. സ്വന്തമായി സംസ്കരണ പ്ലാന്റ് തുടങ്ങാൻ യു.കെയി​ലെ നാപ്പി റീസൈക്ലിംഗ് എന്ന സ്ഥാപനവുമായി ചർച്ചനടത്തി. ഇവരുടെയും പാമ്പേഴ്സ് ഇന്ത്യയുടെയും പിന്തുണയോടെയാകും പ്ലാന്റ് തുടങ്ങുക. സ്ഥലം നി​ശ്ചയി​ച്ചി​ട്ടി​ല്ല.

ഡയപ്പർ ദുരി​തം

കുട്ടി​കൾക്കും രോഗി​കളായ മുതി​ർന്നവർക്കും ഉപകാരപ്രദമായ ഡയപ്പറുകൾ പരി​സ്ഥി​തി​ക്ക് സൃഷ്ടി​ക്കുന്ന ദോഷം ചെറുതല്ല. മലവും മൂത്രവും വഹി​ക്കുന്ന ഡയപ്പറി​ലെ പ്ളാസ്റ്റി​ക്കും ജെല്ലും മണ്ണി​ൽ അലി​ഞ്ഞുചേരാൻ പാടാണ്. കത്തി​ക്കലും എളുപ്പമല്ല.

`സേവനം ആവശ്യമുള്ളവർക്ക് 8593883366 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടാം. സ്ഥലവും ലോക്കേഷനും വീട്ടുനമ്പറും ഫോൺനമ്പറും നൽകണം. രജിസ്ട്രേഷൻ ഫീസില്ല.'

-എസ്. മുബാറക്.