veli

കൊച്ചി: പള്ളുരുത്തിയിലെ പ്രശസ്തമായ വെളി മൈതാനം അളന്നുതിരിക്കാനുള്ള നടപടികൾ താലൂക്ക് സർവേയർ ആരംഭിച്ചതോടെ ഭൂമിയിൽ വീടുവച്ച് താമസിക്കുന്നവരും കൈയേറ്റക്കാരും ഉദ്യോഗസ്ഥരും അങ്കലാപ്പിലായി.

പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗത്തിന്റെ കൈവശമുള്ള മൂന്നേക്കർ ഭൂമി പിടിച്ചെടുക്കാൻ റവന്യൂ വകുപ്പ് നടത്തിയ ശ്രമങ്ങൾക്കെതിരെ നടന്ന നിയമയുദ്ധത്തിന്റെ ഭാഗമായാണ് കൊച്ചി താലൂക്കിലെ രാമേശ്വരം വില്ലേജിലെ 1022 സർവേ നമ്പറിലുള്ള ഭൂമി അടിയന്തരമായി അളക്കാൻ കഴിഞ്ഞ മാർച്ച് 29ന് ഹൈക്കോടതി ഉത്തരവായത്.

19.4 ഏക്കർ ഭൂമി സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം വേലവെളിപ്പറമ്പാണ്. അഴകിയകാവ് ഭഗവതിയുടേതാണ് വേലവെളിപ്പറമ്പ്. പുറമ്പോക്കെന്ന തരത്തിലായിരുന്നു സർക്കാരും കൊച്ചി കോർപ്പറേഷനും ഈ സർവേ നമ്പറിലെ ഭൂമി കൈകാര്യം ചെയ്ത് വന്നത്. എസ്.ഡി.പി.വൈയ്ക്ക് കൊച്ചി രാജാവ് കൈവശം നൽകിയ ഭൂമി ഇതിന്റെ പേരിലാണ് റവന്യൂ വകുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെ പിടിച്ചെടുക്കാൻ ശ്രമിച്ചത്. ഭൂമി ദേവസ്വം പുറമ്പോക്കാണെന്ന് സ്ഥാപിക്കപ്പെട്ടാൽ വലിയ പ്രശ്നങ്ങളാകും ഉരുത്തിരിയുക.

പുരാവസ്തു വകുപ്പിലെ എഫ്.എം.ബി സ്കെച്ച് പ്രകാരം വടക്ക് ക്ഷേത്രത്തിന് സമീപത്ത് നിന്ന് തുടങ്ങി തെക്ക് പെട്രോൾ പമ്പുവരെ അളക്കണം. പഴയ ദേശീയപാത, വാട്ടർ മീറ്റർ കമ്പനി, എൻ.ഇ.എസ്.ബ്ലോക്ക്, വാട്ടർ ടാങ്ക്, കൊച്ചി കോർപ്പറേഷൻ ഷോപ്പിംഗ് കോംപ്ളക്സ്, മേഖലാ ഓഫീസ്, രാമേശ്വരം വില്ലേജ് ഓഫീസ് എന്നിവ ഈ ഭൂമിയിലാണ്. പതിനഞ്ചോളം കുടുംബങ്ങൾക്ക്‌ പുതിയ തണ്ടപ്പേരും നൽകിയിട്ടുണ്ട്.

എഴുത്തുകുത്തുകൾ കഴിഞ്ഞ് താലൂക്ക് സർവേ വിഭാഗം അളക്കാൻ നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ. ഭൂമി അളക്കാനുള്ള നോട്ടീസ് എസ്.ഡി.പി.വൈയ്ക്ക് മാത്രമാണ് താലൂക്ക് സർവേ ഓഫീസ് നൽകിയത്. ഇതിനെതിരെ എസ്.ഡി.പി.വൈയും രംഗത്തുവന്നു. സർവേ നമ്പറിലെ മുഴുവൻ ഭൂമിയും അളന്ന് സ്കെച്ചും ഇതിൽ ഭൂമി കൈവശം വയ്ക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ സമർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവെന്നും താലൂക്ക് സർവേയർക്ക് നൽകിയ കത്തിൽ പറയുന്നു.

സർവേ ഒരുമാസത്തിനകം

''1022ലെ സർവേ ഒരുമാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മറ്റുള്ളവർക്കും ഉടനെ നോട്ടീസ് നൽകും""

പി.എ. അഷറഫ്

കൊച്ചി താലൂക്ക് സർവ്വേയർ

മുഴുവൻ ഭൂമിയും അളക്കണം

''സർവേ നമ്പറിലെ ഏതെങ്കിലും അറ്റത്തുനിന്ന് അളന്ന് വരുന്നമുറയ്ക്ക് സർവേയുമായി സഹകരിക്കും. എസ്.ഡി.പി.വൈയുടെ കൈവശമുള്ള മൂന്നേക്കർ മാത്രം അളക്കാനല്ല ഉത്തരവ്""

സി.ജി.പ്രതാപൻ, പ്രസിഡന്റ്

എസ്.ഡി.പി.വൈ, പള്ളുരുത്തി