
കൊച്ചി: ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൾ സത്താറിനെ അഞ്ചു ദിവസത്തേക്ക് എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു. ഏഴു ദിവസത്തെ കസ്റ്റഡിയാണ് എൻ.ഐ.എ ആവശ്യപ്പെട്ടതെങ്കിലും അഞ്ചുദിവസത്തേക്കാണ് അനുവദിച്ചത്.
പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്ന് ഫണ്ട് ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും സംഘടനയുടെ പ്രധാന ഭാരവാഹിയായ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻ.ഐ.എ കോടതിയിൽ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ തിരിച്ച് കോടതിയിൽ ഹാജരാക്കണം.
രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടർന്ന് നടത്തിയ റെയ്‌ഡിലാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിൽ 13 പ്രതികളാണുള്ളത്. ഒളിവിലായിരുന്ന അബ്ദുൾ സത്താറിനെ കൊല്ലം കരുനാഗപ്പള്ളി കാരുണ്യാ സെന്ററിൽ നിന്ന് കേരള പൊലീസ് അറസ്റ്റു ചെയ്തത് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.