വൈപ്പിൻ: തീരദേശ ഹൈവേയുടെ വൈപ്പിൻ മേഖലയിലെ അലൈൻമെന്റ് സംബന്ധിച്ച് ധാരണയുണ്ടാക്കുന്നതിനും സംശയങ്ങൾ തിർക്കുന്നതിനും കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ,​ കേരള റോഡ് ഫണ്ട് ബോർഡ് എക്‌സി.എൻജിനിയർ ബിന്ദു പരമേശ്, അസി.എക്‌സി. എൻജിനിയർ കെ.എം.ശിൽപ്പ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും നിശ്ചിത പ്രദേശങ്ങൾ സന്ദർശിച്ചു.
കാളമുക്ക് എൽ.എൻ.ജി ജംഗ്ഷൻ, മുനമ്പം പാലം എന്നിവിടങ്ങളിലെ അപ്രോച്ച് റോഡിന് പുതിയ സർവേ പ്രകാരമുള്ള അലൈൻമെന്റ് നിർദേശിക്കും. തീരദേശ ഹൈവേയ്ക്ക് 40 കി.മീ. വേഗതയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ എൽ.എൻ.ജി ജംഗ്ഷൻ, മുനമ്പംപാലം അപ്രോച്ച് റോഡുകൾക്ക് പഴയ സർവേ അനുസരിച്ചുള്ള അലൈൻമെന്റ് അവലംബിച്ചാൽ 20 കി.മി. വേഗം മാത്രമേ ലഭ്യമാകൂ. അതുകൊണ്ടാണ് പുതിയ സർവേ പ്രകാരമുള്ള അലൈൻമെന്റ് അനിവാര്യമാകുന്നതെന്ന് എം.എൽ.എ വിശദീകരിച്ചു. ഹൈവേ വരുന്നതുമൂലം വസ്തുവകകൾ നഷ്ടമാകുന്നവർക്ക് സമഗ്രപുനരധിവാസ പദ്ധതിയും മികച്ച നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.