വൈപ്പിൻ: മകനെടുത്ത വായ്പാതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ക്വട്ടേഷൻസംഘം റിട്ട. പൊലീസുകാരന്റെ വീടുകയറി ആക്രമിച്ചതായി പരാതി. മൂന്നുപേർക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം സന്ധ്യയോടെ അയ്യമ്പിള്ളി സെന്റ് ജോൺസ് ലൈനിന് കിഴക്ക് ഇത്തിത്തറ ശ്രീധരന്റെ (71) വീട്ടിലായിരുന്നു ആക്രമണം. ശ്രീധരൻ, മകൻ പ്രേംദീപ് (41), മരുമകൾ മഞ്ജു (31) എന്നിവർക്കാണ് പരിക്കേറ്റത്. പ്രേംദീപിന്റെ വലത് കൈയുടെ ചെറുവിരൽ ഒടിഞ്ഞു. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് തലയ്ക്കും മുറിവേറ്റു. ഇയാളെ പറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രേംദീപ് എട്ടുമാസം മുമ്പ് പറവൂരിലെ പണമിടപാട് സ്ഥാപനത്തിൽനിന്ന് ഒരുലക്ഷംരൂപ വായ്പ എടുത്തിരുന്നു. ചെറായി ദേവസ്വംനടയിലെ കടയിലെത്തി ദിവസവും 700രൂപ വീതം സ്ഥാപനത്തിന്റെ ഏജന്റ് വാങ്ങുമായിരുന്നു. 3മാസംമുമ്പ് കടംകയറി സ്ഥാപനം പൂട്ടി. 60,000 രൂപയോളം തിരിച്ചടച്ചിട്ടുണ്ടെന്നും 5 ദിവസമായി തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നാണ് ക്വട്ടേഷൻ സംഘം വീട്ടിലെത്തിയതെന്നും മുനമ്പം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.