പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന കൊട്ടുവള്ളിക്കാട് ജലോത്സവം നാളെ നടക്കും. മൂത്തകുന്നം വിഘ്നശ്വര ബോട്ട് ക്ലബ്ബാണ് സംഘാടകർ. എ ഗ്രേഡ് വിഭാഗത്തിൽ ആറും ബി ഗ്രേഡ് വിഭാഗത്തിൽ എട്ടും വള്ളങ്ങൾ മാറ്റുരയ്ക്കും. പൊഞ്ഞനത്തമ്മ ഗോതുരുത്ത് പുത്രൻ തുരുത്തിപ്പുറം താണിയൻ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, പുത്തൻപറമ്പിൽ എന്നീ ഇരുട്ടുകുത്തി വള്ളങ്ങൾ എ ഗ്രേഡിൽ മത്സരരംഗത്തുണ്ട്. ബി ഗ്രേഡിൽ ഗോതുരുത്ത്, ജി.എം.എസ്. മയിൽപ്പീലി, പമ്പാവാസൻ, ജിബി തട്ടകൻ, ശ്രീമുരുകൻ, ഹനുമാൻ രണ്ടാമൻ, ചെറിയ പണ്ഡിതൻ എന്നീ വള്ളങ്ങളാണ് മത്സരിക്കുക. മദ്ധ്യ കേരളത്തിൽ ഈ സീസണിൽ നടക്കുന്ന ഏഴാമത്തെ ജലോത്സവമാണിത്. മുനമ്പം അഴിമുഖത്തോട് ചേർന്ന് ദേശീയ ജലപാതയിൽ നിന്ന് കിഴക്കോട്ട് 150 മീറ്റർ നീളത്തിലാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.