ആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം നൊച്ചിമയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. സി.പി.എം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പദ്ധതിക്കെതിരെ രംഗത്തുവന്നു.

ഇടതുമുന്നണിയിൽപ്പെട്ട സി.പി.ഐ, എൻ.സി.പി പ്രതിനിധികളും കൂട്ടായ്മയിൽ പങ്കെടുത്തു. വ്യവസായ വകുപ്പാണ് കിൻഫ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. സി.പി.ഐ, എൻ.സി.പി പ്രതിനിധികൾ പദ്ധതിക്കെതിരെ രംഗത്തെത്തിയത് ഇടത് മുന്നണിക്ക് തലവേദനയായി. ജനസാന്ദ്രത കൂടിയ മേഖലയിലെ റോഡിലൂടെ വലിയ ഭൂഗർഭ കുഴലുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് ആവശ്യം. തോട്ടുമുഖത്ത് നിന്ന് എടയപ്പുറം, കൊച്ചിൻബാങ്ക്, എച്ച്.എം.ടി വഴി കിൻഫ്രയിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. എടയപ്പുറത്ത് കഴിഞ്ഞ മെയിൽ പൈപ്പിടൽ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് നിലച്ചു. വീണ്ടും പൈപ്പിടൽ ആരംഭിക്കാനുള്ള ഉദ്യോഗസ്ഥ നീക്കം നടക്കുന്നതിനിടെയാണ് നൊച്ചിമയിൽ ജനകീയ സമിതി രൂപീകരിച്ചത്.

വി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ റൈജ അമീർ, ബ്ലോക്ക് പഞ്ചായത്തത്ത് അംഗം ആബിദ ഷെരീഷ്, എൻ.സി.പി ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംസുദീൻ, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പരീക്കുഞ്ഞ്, ഡോ.അജിത, കുഞ്ഞുമുഹമ്മദ് തുടങ്ങിവർ സംസാരിച്ചു. പദ്ധതി മൂലം ദുരിതത്തിലാകുന്ന തോട്ടുമുഖം മുതൽ മണലിമുക്ക് വരെയുള്ള ജനങ്ങളെ സംഘടിപ്പിച്ച് ജനകീയ മുന്നേറ്റത്തിനും തീരുമാനിച്ചു.

ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ടെന്ന് സി.പി.ഐ

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വികസനം ആവശ്യമില്ലെന്നും ഒരിക്കലും അംഗീകരിക്കില്ലെന്നും സി.പി.ഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. റൈജ അമീർ പറഞ്ഞു. എന്തിനുവേണ്ടിയാണ് പദ്ധതിയെന്ന് ചോദിച്ചാൽ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും മറുപടിയില്ല.

എസ്.എൻ പുരം പൈപ്പ് ലൈൻ റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചിട്ടും മാസങ്ങൾ വൈകിപ്പിച്ചു. പഞ്ചായത്ത് എ.ഇയിൽ നിന്ന് അനുമതി ലഭിക്കേണ്ടതിന് പകരം വാട്ടർ അതോറിട്ടി എ.ഇയെ സമീപിക്കേണ്ട അവസ്ഥയാണ്. അവർ നടപടിയെടുക്കാതെ മുഖം തിരിഞ്ഞിരിക്കും. ഈ അവസ്ഥ കിൻഫ്ര പദ്ധതിയുടെ പേരിൽ ജനങ്ങൾ അനുഭവിക്കാൻ പാടില്ലെന്നും റൈജ അമീർ പറഞ്ഞു.