പള്ളുരുത്തി: വി.എസ്.കൃഷ്ണൻ ഭാഗവതരുടെ ഏഴാം അനുസ്മരണം പള്ളുരുത്തി ധന്വന്തരിഹാളിൽ നടന്നു. സ്മാരക ട്രസ്റ്റ് പ്രസിഡന്റ് വി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി. സുധീർ രാജ് എം.കെ. അർജുനനും ഇ.കെ.മുരളീധരനും നാടകനടൻ ഐ.ടി. ജോസഫിനുംഅനുശോചന പ്രമേയം അവതരിപ്പിച്ചു.

സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷ്ണൻ ഭാഗവതരുടെ സ്മാരകപുരസ്കാരം 2022 സംഗീതജ്ഞൻ കുമ്പളം ബാബുരാജ് നൽകി. 25,000 രൂപയും ഉപഹാരവും പൊന്നാടയും പ്രശസ്തിപത്രവുമാണ് അവാർഡ്. വിശിഷ്ടോപഹാരം കെ.എം. ധർമ്മന് ജസ്റ്റിസ് സി.എസ്. രാജൻ നൽകി. കലാപ്രതിഭകളായ ജോസ് പൊന്നൻ, എ.പി.ബാബു, വി.ആർ. മണി, ജെസി ജോയി, കെ.സുബ്രഹ്മണ്യൻ എന്നിവരെ 10,000 രൂപ വീതം ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.

സരസ്വതി മെറ്റൽ വർക്സിലെ ജീവനക്കാരുടെ മക്കളിൽ ഉയർന്ന മാർക്കുനേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകി. നിർദ്ധന കുടുംബത്തിലെ യുവതിക്ക് വിവാഹ ധനസഹായമായി ഒരുലക്ഷം രൂപ സെക്രട്ടറി വി.കെ.പ്രതാപൻ മുനമ്പം വില്ലാറുവട്ടത്ത് പരേതനായ വിനോദിന്റെ മകൾ ശ്രീജയ്ക്കു നൽകി. ജനറൽ കൺവീനർ ഇടക്കൊച്ചി സലിംകുമാർ, ആർ.ത്യാഗരാജൻ, കൗൺസിലർ ഷീബാ ഡുറോം, വി.പി. ദീപക്, വൈസ് ചെയർമാൻ കെ.എൻ മോഹനൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികളും സിനിമാ ഗാനനിശയും നടന്നു.