മൂവാറ്റുപുഴ: കേരളകാശി എന്ന് പ്രസിദ്ധമായ ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭവും വിശേഷാൽ പൂജകളും നടന്നു. ആദ്യക്ഷരമെഴുതുവാൻ എത്തിയ കുരുന്നുകളും നവരാത്രി വ്രതമനുഷ്ഠിച്ച നൂറോളം വിദ്യാർത്ഥികളും ആചാര്യ സാന്നിദ്ധ്യത്തിൽ സരസ്വതീ മണ്ഡപത്തിൽ വിദ്യാരംഭം നടത്തി. എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് മനോജ്കുമാറും വിദ്യാർത്ഥികൾക്കുള്ള നവരാത്രി ആചരണങ്ങൾക്ക് നാരായണ ശർമ്മയും ആചാര്യന്മാരായി.
ക്ഷേത്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സനാതന സ്കൂൾ ഒഫ് ലൈഫിലെ ഈ വർഷത്തെ പഠന പരിപാടികൾക്കും വിജയദശമി ദിനത്തിൽ തുടക്കമായി. എല്ലാ ഞായറാഴ്ചകളിലും 10 മുതൽ 12 വരെയാണ് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ.