തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ സ്വപ്നപദ്ധതികളിലൊന്നായ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സ് രണ്ടുതവണ ഉദ്ഘാടനം ചെയ്തിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നില്ല. മൂന്ന് വർഷം മുൻപ് അന്നത്തെ എൽ.ഡി.എഫ് ഭരണസമിതിയുടെ അവസാന കാലഘട്ടത്തിൽ ഉദ്ഘാടനം ചെയ്‌തെങ്കിലും തുറന്നുകൊടുത്തിരുന്നില്ല. അതിനുശേഷം വന്ന യു.ഡി.എഫ് ഭരണസമിതി ആഗസ്റ്റ് 18ന് വീണ്ടും ഉദ്ഘാടനം നടത്തിയിരുന്നു. എന്നിട്ടും മാർക്കറ്റ് അടഞ്ഞുതന്നെ കിടക്കുകയാണ്.
19,000 സ്‌ക്വയർ ഫീറ്റിൽ നഗരസഭാ ഷോപ്പിംഗ് കോംപ്ളക്സും 1600 സ്‌ക്വയർ ഫീറ്റിൽ പൊതുമാർക്കറ്റുമാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. ഇരുപത് സെന്റ് സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ നാലുകോടിരൂപയോളം ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയത്.
കോംപ്ളക്സ് ലഹരി സംഘങ്ങളുടെ താവളം
സുരക്ഷിതമായി ലഹരി ഉപയോഗത്തിനുള്ള ഇടമായി മാറിയിരിക്കുകയാണ് മുനിസിപ്പൽ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം. കെട്ടിടത്തിന് ഇരുവശവും റോഡുള്ളതിനാൽ പൊലീസ് വന്നാൽ എളുപ്പം രക്ഷപ്പെടാമെന്നതിനാൽ രാവും പകലും സാമൂഹ്യ വിരുദ്ധർ ഇവിടെ തമ്പടിക്കുകയാണ്. സാമൂഹ്യ വിരുദ്ധർ കോംപ്ളക്സിന്റെ ചില്ലുകൾ എറിഞ്ഞുതകർത്തിരുന്നു.
പുനരധിവാസം കാത്ത് കച്ചവടക്കാർ
മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി മത്സ്യം, മാംസം, പച്ചക്കറി കച്ചവടം നടത്തിയിരുന്ന 16 പേരെ ഒഴിപ്പിച്ചിരുന്നു. ഇവരെ തൃക്കാക്കര നഗരസഭ കാക്കനാട് പള്ളിക്കര റോഡുവക്കിൽ കച്ചവടം നടത്താൻ അനുവദിക്കുകയായിരുന്നു. ഷീറ്റുകൾ കെട്ടി ഇവർ കച്ചവടം നടത്തിവരികയാണ്. പുതിയ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സ് ഉദ്ഘാടനം കഴിഞ്ഞതോടെ സുരക്ഷിതമായി കച്ചവടം നടത്താൻ സൗകര്യമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ.
ചരിത്രം ഇങ്ങനെ
കാക്കനാട് ജംഗ്ഷനിൽ റോഡിന് ഇരുവശങ്ങളിലും കച്ചവടം നടത്തിയിരുന്നവരെ വർഷങ്ങൾക്ക് മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഒഴിപ്പിച്ച് കാക്കനാട് കെമിക്കൽ ലാബിന് സമീപം മാർക്കറ്റ് സ്ഥാപിച്ച് പുനരധിവസിപ്പിച്ചിരുന്നു. മാർക്കറ്റിൽ മത്സ്യ, മാംസ വില്പനക്കും മറ്റുമായി പത്തു കടമുറികളും ഷട്ടറില്ലാത്ത കടമുറി എട്ടെണ്ണവുമാണ് ഉള്ളത്. ആദ്യകാലത്ത് കടമുറികളിൽ പലതും ലേലത്തിൽ പോയി. എന്നാൽ വെളിച്ചം, വെള്ളം എന്നിവ ഇല്ലാത്തതിനാൽ നഗരസഭയിൽ കെട്ടിവെച്ച സെക്യൂരിറ്റി തുകപോലും വാങ്ങാതെ പലർക്കും കടമുറികൾ ഉപേക്ഷിച്ചു പോകേണ്ടിവന്നു. പിന്നീട് മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളെ കാക്കനാട്- പള്ളിക്കര റോഡുവക്കിൽ കച്ചവടം നടത്താൻ അനുവദിക്കുകയായിരുന്നു.