ബോട്ട് സർവീസുകൾ മുടങ്ങുന്നു യാത്രക്കാർ ദുരിതത്തിൽ
തൃപ്പൂണിത്തുറ: പൂത്തോട്ട ജെട്ടിയിലേക്ക് ബോട്ട് കയറുന്ന വീതി കുറഞ്ഞ ഭാഗത്ത് 300 മീറ്ററോളം നീളത്തിൽ തിങ്ങിനിറഞ്ഞിരിക്കുന്ന പോളപ്പായൽ ബോട്ട് സർവീസ് ദുഷ്കരമാക്കുന്നു. വേലിയേറ്റ സമയത്ത് ഒഴുകിപ്പോകേണ്ട പായൽ പാലത്തിൻറെ ബീമുകളിൾ ഉടക്കി നിൽക്കുന്ന അവസ്ഥയാണ്. യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കുടിവെള്ളം എടുക്കാനും മറ്റും വഞ്ചിയിൽ ഇറങ്ങുന്ന നാട്ടുകാർ മണിക്കൂറുകളോളം പായലുമായി മല്ലിട്ടാണ് തിരികെ എത്തുന്നത്.
കായലിലുള്ള പോളപ്പായലും മറ്റു മാലിന്യങ്ങളും പ്രൊപ്പല്ലറിൽ കുടുങ്ങി എൻജിൻ നിലയ്ക്കുന്നത് നിത്യ സംഭവമാണ്. നടുക്കായലിൽ എൻജിൻ നിലച്ചാൽ ബോട്ടിൽ നിന്ന് ജീവനക്കാർ ഇറങ്ങി പ്രൊപ്പല്ലറിൽ നിന്ന് പായൽ കെട്ടുകളും മറ്റും നീക്കം ചെയ്ത് സർവീസ് പുന:രാരംഭിക്കണം. ഇത് മൂലം ദിവസേന പല ട്രിപ്പുകൾ മുടങ്ങുന്നു. ട്രിപ്പുകളുടെ എണ്ണം കുറയുമ്പോൾ 75 പേരുടെ കപ്പാസിറ്റിയുള്ള ബോട്ടുകളിൽ തിരക്ക് കൂടുന്നു. രാവിലെയും വൈകിട്ടും 100 -125 യാത്രക്കാരെ കയറ്റാൻ ജീവനക്കാർ നിർബന്ധിതരാകുന്നു. ഇത് വൻ ദുരന്തത്തിലേക്ക് വഴിയൊരുക്കാം. പൂത്തോട്ട പാണാവള്ളി റൂട്ടിൽ 45 മിനിറ്റ് ഇടവിട്ടും വാത്തിക്കാട് ഫെറി റൂട്ടിൽ ഓരോ 20 മിനിറ്റിലും നിർത്താതെയാണ് സർവീസ് നടത്തുന്നത്. രാവിലെ 5 മണിക്ക് തുടങ്ങുന്ന യാത്ര രാത്രി 10.30 വരെ നീളും.
മാലിന്യവും വില്ലൻ
ജെട്ടിയുടെ സമീപം വെളിച്ചം തീരെ ഇല്ലാത്തതിനാൽ കായലിന്റെ ഇരു കരകളിൽ നിന്നും രാത്രികളിൽ തള്ളുന്ന കോഴി, അറവുമാലിന്യങ്ങളും ചീഞ്ഞമറ്റ് അവശിഷ്ടങ്ങൾ എന്നിവയും ബോട്ടുകളുടെ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൂത്തോട്ട - പെരുമ്പളം ഫെറി ആയി സർവീസ് നടത്തിയിരുന്ന രണ്ടു കോടി മുതൽ മുടക്കുള്ള കട്ടമരൻ ബോട്ട് പായൽ കയറി കേടുപാട് സംഭവിച്ചതിനാൽ അറ്റകുറ്റപ്പണിക്ക് കയറ്റിയിട്ട് ദിവസങ്ങളായി.
.............................
പായലിന്റെ രൂക്ഷത എൻജിനുകളുടെ കാര്യക്ഷമത കുറയ്ക്കുകയും ഇന്ധനത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രൊപ്പല്ലറുകളുടെ കേടുപാടുകളുടെ തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്ന പ്രവണത അധികൃതർ നിർത്തണം.
ബോട്ട് ജീവനക്കാരൻ
ഉദയംപേരൂർ ചെമ്പ് പഞ്ചായത്ത് അധികൃതർ കായലിന്റെ ഇരുകരകളിലും ലൈറ്റുകളും കാമറകളും സ്ഥാപിക്കണം. മാലിന്യങ്ങൾ കായലിൽ ഉപേക്ഷിക്കുന്ന സാമൂഹ്യവിരുദ്ധർ ബോട്ട് യാത്ര ദുഷ്ക്കരമാക്കുന്നു.
എം.എസ്. ദേവരാജ്, സാമൂഹ്യ പ്രവർത്തകൻ.