പറവൂർ: വിദ്യാരൂപിണിയായ സരസ്വതിദേവിയെ വണങ്ങി അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആയിരക്കണക്കിന് കുരുന്നുകളെത്തി. ദേവീസന്നിധിയിൽ ഗുരുക്കന്മാരിൽനിന്ന് നാവിൻതുമ്പിൽ ഹരി:ശ്രീ ഏറ്റുവാങ്ങിയും അരിമണികളിൽ ആദ്യക്ഷരമെഴുതിയും കുട്ടികൾ അറിവിന്റെ ലോകത്തേക്ക് ആദ്യചുവടുവച്ചു.
പുലർച്ചെതന്നെ കുട്ടികളുമായി മാതാപിതാക്കൾ ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു. മൂന്നുമണിക്ക് ദേവിയുടെ പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. അഷ്ടാഭിഷേകം, സരസ്വതിപൂജ, ശീവേലി, പന്തീരടിപൂജയ്ക്കുശേഷം പൂജയെടുത്തു. സരസ്വതീചൈതന്യം ശ്രീകോവിലിൽനിന്ന് വിദ്യാരംഭ മണ്ഡപത്തിലേക്ക് ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ നമ്പൂതിരിയുടേയും കീഴ്ശാന്തി കെ.യു. വിജേഷ് ശാന്തിയുടേയും കാർമ്മികത്വത്തിൽ എഴുന്നള്ളിച്ചതോടെ വിദ്യാരംഭം തുടങ്ങി. നാലമ്പലത്തിലും വിദ്യാരംഭ മണ്ഡപത്തിലെ ദേവീവിഗ്രഹത്തിന് മുന്നിലും നിറപറയും നിലവിളക്കുമൊരുക്കി പതിനഞ്ച് ഗുരുക്കന്മാർ കുരുന്നുകളെ ആദ്യക്ഷരമെഴുതിച്ചു. 1750 കുരുന്നുകളാണ് വിദ്യാരംഭം കുറിച്ചത്.
പറവൂർ ജ്യോതിസ്, ടി.ആർ. രാമനാഥൻ, പ്രൊഫ.കെ. സതീശബാബു, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ഐ.എസ്. കുണ്ടൂർ, എം.കെ. രാമചന്ദ്രൻ, ഡോ. കെ.കെ. ബീന, ആനന്ദവല്ലി, എസ്. വിനോദ്കുമാർ, ഡോ.വി. രമാദേവി, ഉണ്ണിക്കൃഷ്ണൻ മാടമന, മുരളി ഗോപിനിവാസ്, കോതകുളങ്ങര മോഹനൻ, ഡോ. കെ.എ. ശ്രീവിലാസൻ, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർ ഗുരുസ്ഥാനിയായി.
ക്ഷേത്രംതന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കഴിഞ്ഞ ഒമ്പതുദിവസമായി നടന്നുവന്ന കളഭാഭിഷേകത്തിനും ഉച്ചപ്പൂജയ്ക്കുംശേഷം നടയടച്ചു. ദേവീദർശനത്തിനും ക്ഷേത്രമുറ്റത്ത് അക്ഷരമെഴുതുവാനും ആയിരക്കണക്കിന് ഭക്തർ എത്തിയിരുന്നു. വൈകിട്ട് നാലോടെ വീണ്ടും നടതുറന്നു. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് ദേവിയുടെ പ്രധാന വഴിപാടായ കഷായനിവേദ്യ വിതരണത്തിനുശേഷം നവരാത്രി മഹോത്സവം സമാപിച്ചു.