കൊച്ചി: കൊച്ചി കോർപ്പറേഷന്റെ അഭിമാന പദ്ധതിയായ എറണാകുളം നോർത്തിലെ 'സമൃദ്ധി@കൊച്ചി' വിജയകരമായ രണ്ടാം വർഷത്തിലേക്ക്. കഴിഞ്ഞ ഒക്ടോബർ ഏഴിന് നടി മഞ്ജു വാര്യർ ആണ് പത്ത് രൂപ ഊണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വൃത്തി, രുചി ഇതാണ് നോർത്ത് പരമാര റോഡിലെ സമൃദ്ധിയുടെ സവിശേഷത. ഉദ്ഘാടന ദിവസം മുതലുള്ള തിരക്ക് ഇന്നും തുടരുന്നു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 13 പേരുമായി തുടങ്ങിയ പദ്ധതിയിൽ ഇപ്പോൾ രണ്ട് ഷിഫ്‌റ്റുകളിലായി 48 സ്ത്രീകൾ പണിയെടുക്കുന്നു. 10 രൂപ ഊണും 15 രൂപ പാഴ്സലുമായിട്ടായിരുന്നു തുടക്കം. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയായിരുന്നു പ്രവർത്തനം. പിന്നീട് പ്രഭാതഭക്ഷണം, ഫിഷ് ഫ്രൈ, കറി, ചിക്കൻ സ്പെഷ്യൽ, വെജ്, നോൺ വെജ് പൊതിച്ചോർ, കേറ്ററിംഗ് സർവീസ്, അത്താഴം എന്നിങ്ങനെ വിപുലമായ മെനുവും സേവനങ്ങളുമായി സമൃദ്ധി വളർച്ചയുടെ പടവുകൾ കയറി.

വയനാട് മുതൽ കന്യാകുമാരിയിൽ നിന്നുവരെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ളവർ സമൃദ്ധിയുടെ രുചിക്കൂട്ട് ആസ്വദിക്കാനെത്തുന്നു. പുലർച്ചെ നാല് മുതൽ രാത്രി 11 വരെയാണ് ഇപ്പോൾ പ്രവർത്തനം. ദുഃഖ വെള്ളിയാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും സമൃദ്ധി തുറന്നു പ്രവർത്തിച്ചു.

 വിപുലമായ ആഘോഷപരിപാടികൾ

സമൃദ്ധിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ലിബ്ര ഹോട്ടലിൽ വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ്.നായർ ഉദ്ഘാടനം ചെയ്യും. മേയർ എം.അനിൽകുമാർ അദ്ധ്യക്ഷനാകും.

 പത്തു രൂപയുടെ 9 ലക്ഷത്തോളം ഊണ് സമൃദ്ധി വിറ്റഴിച്ചു.

ശരാശരി 500 നോൺ വെജ് പൊതിച്ചോർ ചെലവാകുന്നുണ്ട്.

കേറ്ററിംഗ് സർവീസ് വഴി നിത്യേന 500- 1000 ഊണ് ഉപഭോക്താക്കൾക്ക് എത്തിക്കുന്നു. അടുത്ത ഘട്ടമായി ബീഫ് ഫ്രൈ ഉൾപ്പെടെയുള്ള വിഭവങ്ങളുമായി പൊതിച്ചോർ വിപുലീകരിക്കും

 പലതുള്ളി പെരുവെള്ളം

ജനകീയ ഹോട്ടലിന്റെ നടത്തിപ്പിന് കോർപ്പറേഷൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. 30 രൂപയുടെ ഊണാണ് പത്ത് രൂപയ്ക്ക് നൽകുന്നത്. പത്തുരൂപ സർക്കാർ നൽകുന്നതിനാൽ പത്തുരൂപ മാത്രമാണ് കോർപ്പറേഷന് നഷ്ടം. വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചാണ് ആ നഷ്ടം ഒഴിവാക്കുന്നത്. നിലവിൽ അഞ്ച് മാസത്തെ സബ്സിഡി കുടിശികയുണ്ട്. സമൃദ്ധി @ കൊച്ചി എന്ന പേരിൽ ഫെഡറൽ ബാങ്കിന്റെ എറണാകുളം സൗത്ത് ശാഖയിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിലേക്കും ധാരാളം സഹായങ്ങൾ എത്തുന്നു. അക്കൗണ്ട് നമ്പർ: 11530200024910. ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0001153.