വൈപ്പിൻ: ചാത്തങ്ങാട് കടപ്പുറത്ത് രണ്ടാഴ്ചയിലേറെയായി കുടിവെള്ള വിതരണം തടസപ്പെട്ടതിനെത്തുടർന്ന് എടവനക്കാട് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പറവൂർ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ആഴ്ചകളായി ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല.

1, 8, 12, 13, 14 വാർഡുകളിലാണ് കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. എടവനക്കാട് അണിയിലുള്ള വാട്ടർടാങ്കിൽനിന്ന് വിതരണലൈനിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ 24 മണിക്കൂറും പമ്പ് ചെയ്തിരുന്നത് 12 മണിക്കൂറാക്കി ചുരുക്കിയതാണ് ജലക്ഷാമത്തിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളക്ഷാമം കൂടുതൽ നേരിടുന്ന പടിഞ്ഞാറാൻ മേഖലകളിൽ പൈപ്പുലൈൻ പരിശോധന നടത്തി. തുടർന്ന് രാത്രിയോടെ പലയിടത്തും വെള്ളം എത്തിത്തുടങ്ങി.