വൈപ്പിൻ: സമഗ്ര വൈപ്പിൻ ബീച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് നടപടി തുടങ്ങി. ചെറായി, മുനമ്പം, കുഴുപ്പിള്ളി, ഞാറയ്ക്കൽ ബീച്ചുകളുടെ വികസനത്തിനായാണ് നാലരക്കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ടൂറിസം, കെൽ അധികൃതരുമായി ചർച്ച നടത്തിയതിനുശേഷം കെ.എൻ. ഉണ്ണിക്കൃഷ്ൺൻ എം.എൽ.എയാണ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയിച്ചത്. പാർക്കിംഗ് ഏരിയ, നടപ്പാത, ഇരിപ്പിടങ്ങൾ, സൗരവിളക്കുകൾ, വേസ്റ്റ് ബിന്നുകൾ, ലാൻഡ്‌സ്‌കോപ്പിംഗ്, കാഫ്റ്റീരിയ, ടോയ്‌ലെറ്റ്, സ്‌നാക്‌സ് ബാർ, റെയിൻഷെൽട്ടർ, പൊലീസ് ബൂത്ത്, ഫോട്ടോഗ്രഫി ഫ്രെയിം, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം. കടകൾ, പ്രവേശനകവാടം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
ആധുനിക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളോടെ സൗന്ദര്യവത്കരിച്ച് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളെ വൈപ്പിൻ ബീച്ചുകളിലേക്ക് ആകർഷിക്കാനാകുമെന്ന് എം.എൽ.എ പറഞ്ഞു. തീരദേശ നിയമത്തിന്റെ പരിധിയിൽ വരുന്ന ഘടകങ്ങളെ ഒഴിവാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നതിനാൽ കാലതാമസം ഒഴിവാക്കാനാകും.
അവലോകന യോഗത്തിൽ ടൂറിസം ജോ.ഡയറക്ടർ ഗിരീഷ്‌കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ, കെഎൽ. പ്രോജക്ട് കോഓഡിനേറ്റർ സ്‌നേഹലത, സൈറ്റ് എൻജിനിയർ രാജൻ തുടങ്ങിയവർ പങ്കെടുത്തു.