തോപ്പുംപടി: കായലിൽ ചാടിയ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുന്നതിനിടെ കാണാതായ നാവികൻ വിഷ്ണു ഉണ്ണിയെ കൊച്ചി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. അനുസ്മരണ ചടങ്ങ് മുൻ ജി.സി.ഡി.എ ചെയർമാൻ എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. 2014 ഒക്ടോബ൪ മൂന്നിന് വിജയദശമിദിന അവധിക്ക് സഹപ്രവ൪ത്തകനുമായി എറണാകുളം നഗരത്തിലേക്ക് പോകവെയാണ് യുവതി പാലത്തിൽനിന്ന് കുട്ടിയെ കായലിൽ എറിഞ്ഞശേഷം ചാടുന്നത് കണ്ടത്. ഇവരെ രക്ഷിക്കുന്നതിനായി വിഷ്ണുവും കായലിലേക്ക് ചാടുകയായിരുന്നു. നീന്തൽവിദഗ്ധൻ കൂടിയായ വിഷ്ണു ശക്തമായ അടിയൊഴുക്ക് അതിജീവിച്ച് യുവതിയെ രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റി. ഇതിനിടെ തളർന്ന വിഷ്ണു കായലിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നാവികസേനയും കോസ്റ്റ്ഗാർഡും കോസ്റ്റൽ പൊലീസുമടക്കമുള്ളവർ ദിവസങ്ങളോളം കായലിലും കടലിലും തിരച്ചിൽ നടത്തിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. വിഷ്ണു ഉണ്ണിയുടെ മരണം പിന്നീട് നാവികസേന സ്ഥിരീകരിക്കുകയായിരുന്നു. ചടങ്ങിൽ കൊച്ചി കൂട്ടായ്മ പ്രസിഡന്റ് ടി.എം.റിഫാസ് അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു ഉണ്ണിയുടെ സഹോദരി വിനയ, തമ്പി സുബ്രഹ്മണ്യം, കൗൺസിലർമാരായ ടിബിൻ ദേവസി, അഭിലാഷ് തോപ്പിൽ, ഷൈല തദേവൂസ്, സിസ്റ്റർ ലിസി ചക്കാലക്കൽ, കെ. എം. റഹീം, അനു സെബാസ്റ്റ്യൻ, പി.എം.സമദ്, ഷീജ സുധീർ എന്നിവർ പങ്കെടുത്തു.