പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ തെരുവുനായ ശല്യം. ആടുകളെയും കോഴികളെയും കൊന്നു ഭക്ഷിക്കുന്നത് പതിവാകുകയാണ്.
കഴിഞ്ഞ ദിവസം മങ്കുഴി മാണിക്യത്താൻ സിബിയുടെ ആടിനെ നായകൾ കൊന്ന് തിന്നിരുന്നു. മലബാറി ഇനത്തിൽപ്പെട്ട ആടിന് ഒന്നര ലിറ്റർ പാൽ ലഭിച്ചിരുന്നുവെന്ന് സിബി പറഞ്ഞു. സമീപ വാസികളായ തോട്ടകര സെബാസ്റ്റ്യൻ, ചിരപറമ്പൻ ജോർജ് എന്നിവരുടെ ആടുകളെയും നായകൾ കടിച്ച് മുറിവേൽപ്പിച്ചു. ഈ മൂന്ന് വാർഡുകളിൽ നിരവധി ആടുകളെ ആക്രമിക്കുകയും കോഴികളെ തിന്നുകയും ചെയ്തിട്ടുണ്ട്. നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്തോ മൃഗസംരക്ഷണ വകുപ്പോ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. നായ്ക്കളുടെ ശല്യം കാരണം സ്കൂൾ കുട്ടികളും മുതിർന്നവരും ഭയപ്പാടോടെയാണ് പുറത്തിറങ്ങുന്നത്.
നായ ശല്യത്തിന് പഞ്ചായത്ത് എത്രയും വേഗം പരിഹാരം കാണണമെന്ന് ബി.ജെ.പി ചേരാനല്ലൂർ വാർഡ് കമ്മിറ്റികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. രണ്ടാം വാർഡ് കമ്മിറ്റി പ്രസിഡന്റ് എം.വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവച്ചൻ പടയാട്ടിൽ, അവറാച്ചൻ ആലുക്ക, ശശി കാട്ടുങ്ങ, വി.ടി.സോമൻ, സുനിൽകുമാർ പൊന്നുംപറമ്പിൽ എന്നിവർ സംസാരിച്ചു.