* ആലുവ അദ്വൈതാശ്രമത്തിൽ
ആലുവ: വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിക്കാൻ ആലുവ അദ്വൈതാശ്രമത്തിൽ നിരവധി കുരുന്നുകളെത്തി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, മേൽശാന്തി പി.കെ. ജയന്തൻ, നാരായണ ഋഷി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.
*ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ
നെടുമ്പാശേരി: ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ആയിരത്തിലേറെ കുട്ടികൾ വിദ്യാരംഭം കുറിച്ചു. ക്ഷേത്രം മേൽശാന്തി സുരേഷ് മൈലക്കോട് മുഖ്യകാർമ്മികത്വം വഹിച്ചു. തന്ത്രി പ്രദീപ് ആവണപ്പറമ്പ്, അഡ്വ. എ. ജയശങ്കർ, പ്രൊഫ. രംഗരാജൻ, വേണു കുറമശേരി, പ്രൊഫ. കെ.എൻ.കെ നമ്പീശൻ തുടങ്ങിയവരും കലാകാരന്മാരും പണ്ഡിതരും അടങ്ങിയ ആചാര്യന്മാരാണ് വിദ്യാരംഭത്തിന് നേതൃത്വം നൽകിയത്. സംസ്ഥാനത്തിന് പുറത്തുനിന്നം ഇക്കുറി കുട്ടികൾ വിദ്യാരംഭം കുറിക്കാനെത്തി.
31-ാമത് നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായുള്ള സംഗീതോത്സവം സംഗീത സംവിധായകൻ ബിജിബാൽ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 26ന് ആരംഭിച്ച നവരാത്രി സംഗീതോത്സവത്തിൽ 10 ദിവസങ്ങളിലായി 600ലേറെ സംഗീതനൃത്ത വിദ്യാർത്ഥികളും അമ്പതോളം സംഗീതജ്ഞരും നർത്തകരും പങ്കാളികളായി. അര ലക്ഷത്തോളം ഭക്തർ ക്ഷേത്രദർശനം നടത്തി.
* ശ്രീശാരദാദേവി ക്ഷേത്രം
ആലുവ: തായിക്കാട്ടുക്കര എസ്.എൻ പുരം ശ്രീനാരായണപുരം ശ്രീശാരദാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സമാപിച്ചു. കുസാറ്റ് മുൻ അദ്ധ്യാപകൻ ഡോ. സുധാകരൻ ആലിക്കൽ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. പുസ്തകപൂജ നടത്തി, ദുർഗാഷ്ടമി ദിനത്തിൽ തിരുവാതിരകളി, നൃത്തനൃത്യങ്ങൾ എന്നിവയും നടന്നു. എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായി, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
*കോലാട്ടുകാവ് ഭഗവതി ക്ഷേത്രം
എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സമാപിച്ചു. മേൽശാന്തി ശ്രീജിത്ത് മോഹനൻ മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം വനിതാസംഘം എടയപ്പുറം ശാഖയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നർത്തന അവതരിപ്പിച്ച ഓണക്കളി, ഫ്യൂഷൻ ഡാൻസ് എന്നിവയും നടന്നു.