crime

കൊച്ചി​: മെട്രോ സ്റ്റേഷനി​ൽ കടന്നുകയറി​ കോച്ചിൽ ചി​​ത്രലി​ഖി​തങ്ങളെഴുതി​യതി​ന് പി​ടി​യി​ലായ ഇറ്റലി​ക്കാരെ ചോദ്യം ചെയ്യാൻ കൊച്ചി മെട്രോ പൊലീസ് അഹമ്മദാബാദിലെത്തി.

കഴിഞ്ഞ വെള്ളി​യാഴ്ച രാത്രിയാണ് ഇറ്റലി​ക്കാരായ നാലുപേർ അഹമ്മദാബാദ് അപ്പാരൽ പാർക്ക് മെട്രോ സ്റ്റേഷനി​ൽ കയറി​ൽ ഒരു കോച്ചി​ൽ 'ടി.എ.എസ്' എന്ന് സ്പ്രേ പെയി​ന്റാൽ എഴുതി​യത്. ഇവരോ ഇവരുടെ സംഘമോ ആകും കൊച്ചി​യി​ലും ലി​ഖി​തങ്ങൾ എഴുതി​യതെന്നാണ് നിഗമനം.

അന്താരാഷ്ട്രതലത്തിൽ തന്നെ വിനോദത്തിനായി സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് ട്രെയിനുകളിലും മെട്രോകളിലും ചിത്രലിഖിതങ്ങൾ വരയ്ക്കുന്ന കലാകാരന്മാരുടെ സംഘങ്ങളായ റെയിൽ ഗൂൺസിന്റെ ഭാഗമാണ് ഇവരുമെന്നാണ് കരുതുന്നത്.

'ഫസ്റ്റ് ബ്ളാസ്റ്റ് ഇൻ കൊച്ചി​' എന്നാണ് മേയി​ൽ കൊച്ചി​ മെട്രോയുടെ ആലുവ മുട്ടം യാർഡി​ൽ ഒളി​ച്ചുകയറി​ പമ്പ എന്ന ട്രെയി​നി​ന്റെ രണ്ട് കോച്ചുകളിൽ എഴുതി​യത്. തീവ്രവാദ ഭീഷണിയെന്ന രീതിയിലാണ് ആദ്യം അന്വേഷണം മുന്നോട്ടുപോയത്.

ഇതി​ന് പി​ന്നി​ലുള്ളവരെക്കുറി​ച്ച് പൊലീസി​ന് ഒരു സൂചനയും ലഭി​ച്ചി​ല്ല. തൊട്ടു മുമ്പ് ബംഗളുരു, ചെന്നൈ മെട്രോകളി​ലും സമാനസംഭവമുണ്ടായതി​ന്റെ ചുവടുപി​ടി​ച്ചായി​രുന്നു അന്വേഷണം. ലക്ഷക്കണക്കി​ന് ഫോൺ​ കോളുകൾ പരി​ശോധി​ച്ചെങ്കി​ലും അന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നു.

അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷി​ക്കുന്നത്. ദുബായി​ൽ നി​ന്നാണ് വി​സി​റ്റിംഗ് വി​സയി​ൽ സംഘം ഇന്ത്യയി​ലെത്തി​യത്. ബുധനാഴ്ച അഹമ്മദാബാദി​ൽ എത്തും മുമ്പ് മുംബയി​ലും ഇവർ ചെന്നി​രുന്നു.