
തൃപ്പൂണിത്തുറ: വൈക്കം റോഡിൽ പുതിയകാവിനടുത്ത് ചൂരക്കാട്ട് സ്വകാര്യബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇൻഫോപാർക്ക് എസ്.ഐ ബിനുവിന്റെ മകൻ മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യഭവനിൽ അൻവിൻ ബിനുവാണ് (22) മരിച്ചത്. ഇന്നലെ രാവിലെ 7.40 നാണ് അപകടം.
എറണാകുളത്തെ ലോജിസ്റ്റിക്സ് ആൻഡ്സപ്ലൈ ചീഫ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായ അൻവിൻ എറണാകുളത്തേയ്ക്ക് പോകുമ്പോൾ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ അൻവിൻ വൈദ്യുതി പോസ്റ്റിൽ തലയിടിച്ചാണ് വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അമ്മ: ശ്രീജ. സഹോദരി: ഐശ്വര്യ.