
കളമശേരി: ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റായ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യമത്സരത്തിന് കേരളം ഇന്നിറങ്ങുമ്പോൾ മഞ്ഞുമ്മലുകാരുടെ കണ്ണുകൾ മനുകൃഷ്ണൻ എന്ന താരത്തിൽ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അരുണാചൽ പ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.
ഇടംകൈ ബാറ്ററും മീഡിയം പേസറുമായ മനു അഞ്ച് വർഷത്തിലധികമായി രഞ്ജിട്രോഫിയിൽ കേരളതാരമാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിലെത്തുന്നത് തുടർച്ചയായ രണ്ടാംതവണ. അത്‌ലറ്റിക്സ്, ഫുട്ബാൾ, ഖോ-ഖോ തുടങ്ങിയവയിലും തത്പരനായിരുന്ന മനു 14-ാം വയസിലാണ് പൂർണമായും ക്രിക്കറ്റിലേക്ക് തിരിയുന്നത്.
ക്രിക്കറ്റ് കളിക്കാരനായ ഇളയച്ഛൻ നന്ദകുമാറും അച്ഛൻ കെ.ജി.ഉണ്ണിക്കൃഷ്ണനും പിന്തുണ നൽകിയപ്പോൾ മനുവിന്റെ കരിയർ മാറിമറിഞ്ഞു. ചെന്നൈ എം.ആർ.എഫ് പേസ് ഫൗണ്ടേഷനിൽ ഡെന്നിസ് ലില്ലിയുടെ കീഴിലെ പരിശീലനവും കരുത്തായി. കഴിഞ്ഞ കെ.സി.എ പ്രസിഡന്റ്സ് കപ്പ് ടി20 ടൂർണമെന്റിൽ മനു നടത്തിയത് വിക്കറ്റ്ക്കൊയ്ത്ത്.
ശ്രീശാന്തിനൊപ്പവും ധോണിക്കെതിരെയും കളിച്ചത് ക്രിക്കറ്റ് ജീവിതത്തിൽ എന്നും ഓർക്കുന്ന കാര്യമാണെന്ന് മനു പറയുന്നു. സച്ചിൻ ടെൻഡുൽക്കറിന്റെ ആരാധകൻ കൂടിയായ ഈ 33കാരൻ ഏജീസ് ഓഫീസിൽ സീനിയർ ഓഡിറ്ററാണ്. അമ്മ: ഇന്ദു. ഭാര്യ:ധന്യ, മകൻ: വിഹാൻ.