boat
ചാമ്പ്യൻസ് ബോട്ട് ലീഗ്

കൊച്ചി: ഐ.പി.എൽ മാതൃകയിൽ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരം നാളെ രണ്ടിന് മറൈൻഡ്രൈവിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 2019ലെ നെഹ്രുട്രോഫി വള്ളംകളിയിൽ ആദ്യസ്ഥാനത്തെത്തിയ ഒൻപത് ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും. 12 മത്സരങ്ങളുള്ള ലീഗി​ൽ 5.90 കോടിയാണു മൊത്തം സമ്മാനത്തുക.

നാവിക സേനയുടെ ബാൻഡ് മേളത്തിന്റെയും ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെയും അകമ്പടിയോടെയാണു തുടങ്ങുക. ഫിഷറീസ് ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച് മറൈൻഡ്രൈവ് മഴവിൽപ്പാലത്തിനു സമീപം സമാപിക്കും.

ഇരുട്ടുകുത്തി, ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലും ചെറുവള്ളങ്ങളുടെ പ്രാദേശിക മത്സരവും ഇതോടനുബന്ധിച്ചുണ്ട്.

മത്സരത്തിന്റെ ഇടവേളകളിൽ നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങളും 75 കലാകാരന്മാ‌ർ അണിനിരക്കുന്ന പരിപാടികളും ഉണ്ടാകുമെന്ന് ടി.ജെ വിനോദ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു കിലോമീറ്റ‌ർ ട്രാക്ക് ഇന്നു പൂർത്തിയാകും. ആഴമില്ലാത്ത ഭാഗങ്ങളിൽ ഇതിനായി ഡ്രഡ്ജിംഗ് നടത്തിയിരുന്നു.

ഹൈബി ഈഡൻ എം.പി, മേയർ അഡ്വ. എം. അനിൽ കുമാർ, എം.എൽ.എമാരായ കെ.ജെ. മാക്‌സി, എൻ. ഉണ്ണിക്കൃഷ്ണൻ, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവ‌ർ പങ്കെടുക്കും.

വാ‌ർത്താസമ്മേളനത്തിൽ ഫോർട്ട്കൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജ്, സി.ബി.എൽ സാങ്കേതിക സമിതി അംഗം ആർ.കെ. കുറുപ്പ് എന്നിവരും പങ്കെടുത്തു.

പ്രത്യേക സുരക്ഷ

സുരക്ഷ ഉറപ്പാക്കാൻ പൊലീസിനും അഗ്നിര ക്ഷാസേനയ്ക്കും പുറമേ പ്രത്യേക ടാസ്ക് ഫോഴ്സിനെയും വിന്യസിക്കുകയും സ്പീഡ്, റബർ ബോട്ടുകളിൽ പട്രോളിങ് നടത്തുകയും ചെയ്യും. ആരോഗ്യ വകുപ്പ് ഐ.സി.യു ആംബുലൻസ് സംവിധാനം ഒരുക്കി. മത്സരത്തിനു ശേഷം മറൈൻ ഡ്രൈവ് ശുചീകരിക്കും.

കരുത്തൻ ചുണ്ടന്മാർ

മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ആയാപറമ്പ് പാണ്ടി ചുണ്ടൻ, സെന്റ് പയസ് ടെൻത് ചുണ്ടൻ, ദേവാസ് ചുണ്ടൻ, പായിപ്പാട് ചുണ്ടൻ.

പ്രദേശിക വള്ളംകളി: ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻ പറമ്പൻ, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ നമ്പർ 1 , താണിയൻ, സെന്റ് ആന്റണി, ശരവണൻ, വലിയ പണ്ഡിതൻ, തിരുത്തിപ്പുറം, ഹനുമാൻ നമ്പർ 1.