
കോതമംഗലം: കാർഷിക വികസന വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ കിസാൻ മിത്ര വനിതാ ഗ്രൂപ്പ് നടത്തിയ കരനെൽക്കൃഷിയിൽ നൂറുമേനി വിളവ്. മാലിയിൽ എം.ജെ.ഐസക്കിന്റെ ഒരെക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കൃഷിഭവനിൽ നിന്ന് ലഭിച്ച ഉമ നെൽവിത്താണ് ഉപയോഗിച്ചത്. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ധു പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലാലി ജോയി, എസ്.എം. അലിയാർ, ടി.കെ.കുമാരി, സിജി ആന്റണി, കൃഷി ഓഫീസർമാരായ ഇ.എം.അനീഫ, സി.എം.ഷൈല, വി.കെ.ജിൻസ് തുടങ്ങിയവർ പങ്കെടുത്തു. കർഷകവേഷമണിഞ്ഞെത്തിയ കുട്ടികളുടെ കൊയ്ത്ത് പാട്ട് ചടങ്ങിന് മാറ്റുകൂട്ടി. അടുത്തവർഷം മുതൽ പഞ്ചായത്തിലെ സ്കൂളുകളിൽ ഉൾപ്പെടെ കരനെൽ കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.